റഷ്യ – യുക്രെയിൻ യുദ്ധം ആരംഭിച്ചത് എന്തിനാണ് എന്നത് ആരെങ്കിലും മറന്നു പോയിട്ടുണ്ടെങ്കിൽ ഈ ഘട്ടത്തിൽ ആ കാരണങ്ങളിലേക്ക് തിരിച്ചു പോകേണ്ടതുണ്ട്. കാരണം സമാനമായ വെല്ലുവിളിയാണ് ദ്വീപ് രാജ്യമായ മാലിദ്വീപിൽ നിന്നും ഇന്ത്യയും ഇപ്പോൾ നേരിടുന്നത്. യുക്രെയിനെ മുൻ നിർത്തി അമേരിക്കയും മറ്റു പാശ്ചാത്യ ശക്തികളുമാണ് യഥാർത്ഥത്തിൽ റഷ്യക്കെതിരെ യുദ്ധം ചെയ്യുന്നത്. റഷ്യയുടെ അയൽ രാജ്യമായ യുക്രെയിനെ നാറ്റോ സഖ്യത്തിൽ ഉൾപ്പെടുത്താനും അതുവഴി റഷ്യൻ അതിർത്തികളിൽ വിനാശകരമായ ആയുധങ്ങൾ വിന്യസിക്കാനും സൈനിക താവളങ്ങൾ തുറക്കാനുമാണ് അമേരിക്കയും സഖ്യകക്ഷികളും പദ്ധതിയിട്ടിരുന്നത്.
റഷ്യയുടെ ആഭ്യന്തര സുരക്ഷക്ക് തന്നെ ഭീഷണി ഉയർത്തുന്ന ഈ പദ്ധതി തകർക്കുന്നതിനു വേണ്ടിയാണ് മിന്നൽ സൈനിക നടപടിയുമായി റഷ്യ രംഗത്തിറങ്ങിയിരുന്നത്. വളരെ പെട്ടന്ന് അവസാനിക്കേണ്ടിയിരുന്ന ആ യുദ്ധമാണിപ്പോൾ അമേരിക്കൻ ചേരിയുടെ ഇടപെടലിനെ തുടർന്ന് രണ്ടു വർഷത്തോളം നീണ്ടിരിക്കുന്നത്. ആൾ നാശവും നാശനഷ്ടങ്ങളുമെല്ലാം നമുക്കെല്ലാം ചിന്തിക്കാവുന്നതിലും എത്രയോ അപ്പുറമാണ് സംഭവിച്ചിരിക്കുന്നത്. റഷ്യ – യുക്രെയിൻ യുദ്ധം അതിന്റെ അവസാന ലാപ്പിൽ എത്തിയിരിക്കുകയാണ്. ഇനിയും അധിക ദിവസം പിടിച്ചു നിൽക്കാൻ യുക്രെയിന് സാധിക്കുകയില്ല. ഏതു നിമിഷവും അവർക്കിനി റഷ്യൻ സൈന്യത്തിനു മുന്നിൽ കീഴടങ്ങേണ്ടിവരും.
യുക്രെയിന്റെ കീഴടങ്ങലോടെ ലോകത്തിനു മുന്നിൽ നാണംകെടാൻ പോകുന്നത് ഇനി അമേരിക്ക ആയിരിക്കും. സാമ്രാജ്വത്വ കഴുകന്റെ കണക്കു കൂട്ടലുകളാണ് വൈകിയെങ്കിലും യുക്രെയിൻ യുദ്ധത്തിൽ പിഴച്ചിരിക്കുന്നത്. ലോകത്തു തന്നെ ഏറ്റവും കൂടുതൽ ആണവായുധ ശേഖരമുള്ള റഷ്യ കടുത്ത വെല്ലുവിളികൾക്കിടയിലും മാന്യമായ യുദ്ധം മാത്രമാണ് യുക്രെയിനു നേരെ നടത്തിയിരിക്കുന്നത്. ഈ യുദ്ധം ഇത്രയും നീണ്ടതു തന്നെ അതിന്റെ പ്രകടമായ ഉദാഹരണമാണ്. റഷ്യയുടെ സ്ഥാനത്ത് അമേരിക്ക ആയിരുന്നു എങ്കിൽ പണ്ട് ജപ്പാനിൽ പ്രയോഗിച്ചതു പോലെ ആണവായുധം പ്രയോഗിക്കാൻ പോലും അവർ മടിക്കില്ലായിരുന്നു. അതിവിടെ സംഭവിക്കാത്തത് റഷ്യ യുദ്ധമുന്നണിയിലും മാന്യമായ യുദ്ധം നടത്തുന്നതിനാൽ മാത്രമാണ്.
അമേരിക്ക നേതൃത്വം നൽകുന്ന നാറ്റോ സഖ്യം നൽകിയ ആയുധങ്ങളാണ് ഇത്രയും ദിവസം പിടിച്ചു നിൽക്കാൻ യുക്രെയിൻ സൈന്യത്തിന് കരുത്തായിരുന്നത്. എന്നാൽ, അമേരിക്ക യുക്രെയിൻ ആകാശത്ത് തീർത്ത വ്യോമ പ്രതിരോധം ഉൾപ്പെടെ ഇപ്പോൾ തകർന്ന അവസ്ഥയിലാണുള്ളത്. പരമാവധി ആൾനാശം ഒഴിവാക്കി യുദ്ധം ചെയ്യാൻ റഷ്യ തീരുമാനിച്ചതു കൊണ്ടു മാത്രമാണ് യുക്രെയിൻ എന്ന രാജ്യം ഇപ്പോഴും നിലനിൽക്കുന്നത്. എങ്കിലും അധികം താമസിയാതെ തന്നെ യുക്രെയിന് റഷ്യയ്ക്കു മുന്നിൽ കീഴടങ്ങേണ്ടതായി വരും. ആ വാർത്തക്കായാണ് റഷ്യയും ഇപ്പോൾ കാത്തിരിക്കുന്നത്.
റഷ്യ – യുക്രെയിൻ യുദ്ധത്തിനു പിന്നാലെയാണ് ഹമാസ് – ഇസ്രയേൽ യുദ്ധവും ആരംഭിച്ചിരുന്നത്. ഒരേ സമയം ലോകത്തിന്റെ രണ്ട് ഭാഗങ്ങളിലായാണ് ഈ രണ്ട് യുദ്ധങ്ങളും നടക്കുന്നത്. ഇസ്രയേലിലേക്ക് ഹമാസ് സംഘം ഇരച്ചു കയറി നടത്തിയ മിന്നൽ ആക്രമണമാണ്. ഇസ്രയേലിന്റെ യുദ്ധ പ്രഖ്യാപനത്തിലേക്ക് കാര്യങ്ങൾ എത്തിച്ചിരുന്നത്. ഇപ്പോഴും ഗാസ ലക്ഷ്യമിട്ട് കനത്ത ബോംബിങ്ങാണ് ഇസ്രയേൽ നടത്തി കൊണ്ടിരിക്കുന്നത്. ഈ യുദ്ധത്തിലും ഇസ്രയേലിനു വേണ്ടി ആയുധങ്ങൾ നൽകുന്നത് അമേരിക്കയാണ്. ഹമാസിനെ ആയുധം നൽകി സഹായിക്കാൻ ഇറാൻ മാത്രമാണ് നിലവിലുള്ളത്.
അവസാന പോരാളി മരിക്കും വരെ പോരാടാൻ തന്നെയാണ് പലസ്തീൻ പോരാളികളായ ഹമാസിന്റെ തീരുമാനം. സ്വന്തം ഭൂമി പോലും കവർന്നെടുത്ത ഇസ്രയേലിനെതിരെയാണ് പോരാട്ടമെന്ന് ഹമാസ് പറയുമ്പോൾ ഖത്തർ ഉൾപ്പെടെ ആ നിലപാടിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തിന് അകത്തു കയറി നടത്തിയ ആക്രമണത്തെ യുദ്ധമായി കണ്ടു തന്നെയാണ് ഇസ്രയേലും തിരിച്ചടി കടുപ്പിച്ചിരിക്കുന്നത്. യുക്രെയിനിലെ പോലെ തന്നെ ഗാസയിലും പതിനായിരങ്ങളാണ് കൊല ചെയ്യപ്പെട്ടിരിക്കുന്നത്.
ലോകത്തെ പരക്കെ ആശങ്കയിലാഴ്ത്തുന്ന ഈ യുദ്ധങ്ങളുടെ ഇടയിലേക്കാണ് വീണ്ടും അശാന്തിയുടെ കാർമേഘം തീർത്ത് ചൈനീസ് ഗവേഷണ കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിലൂടെ മാലദ്വീപിലേക്കു തിരിച്ചിരിക്കുന്നത്. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നതിനിടെയാണ് അപ്രതീക്ഷിതമായ ഈ നീക്കവും ഉണ്ടായിരിക്കുന്നത്. സിയാങ് യാങ് ഹോങ് 03- എന്ന കപ്പലാണ് മാലദ്വീപിലേക്കു പോകാനായി ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്കു പ്രവേശിക്കുന്നത്. കപ്പൽ ജനുവരി 30ന് മാലദ്വീപിലെ മാലെയിൽ എത്തിച്ചേരുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയെ സംബന്ധിച്ച് ഇതൊരു വലിയ ഭീഷണി തന്നെയാണ്.
ഇന്ത്യയുടെ കടുത്ത എതിർപ്പിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിനു മുകളിലായി ഇത്തരം കപ്പലുകൾക്ക് സ്വന്തം തുറമുഖത്ത് പ്രവേശിക്കാൻ ശ്രീലങ്ക പോലും അനുമതി നിഷേധിച്ചിരിക്കെയാണ് മാലദ്വീപ് ഭരണകൂടം ചൈനീസ് കപ്പലിന് അനുമതി നൽകി ഇന്ത്യയെ പ്രകോപിപ്പിച്ചിരിക്കുന്നത്. മാലിദ്വീപ് പ്രസിഡന്റിന്റെ ചൈന സന്ദർശനത്തിനു പിന്നാലെയാണ് ചൈനീസ് ചാരക്കപ്പൽ മാലദ്വീപ് ലക്ഷ്യമാക്കി നീങ്ങിയിരിക്കുന്നത്.
ഈ കപ്പൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ‘ഓഷ്യൻ സർവേ ഓപറേഷൻ’ നടത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇത് ഇന്ത്യയിൽ സുരക്ഷാ ആശങ്കകൾ ഉയർത്തുമെന്നാണ് ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് ഗവേഷകനായ ഡാമിയൻ സൈമണിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മറ്റൊരു ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനും ഇക്കാര്യം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ചൈനീസ് കപ്പലിന്റെ സഞ്ചാരപാത വിവിധ ഇന്ത്യൻ ഏജൻസികളും നിരീക്ഷിക്കുന്നുണ്ട്.
അതേസമയം, ഈ വിഷയത്തിൽ ഇതുവരെ മാലിദ്വീപ് പ്രസിഡന്റിന്റെ ഓഫിസും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയവും ചൈനയുടെ പ്രതിരോധ മന്ത്രാലയവും പ്രതികരിച്ചിട്ടില്ലെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. ചൈനീസ് കപ്പൽ ശേഖരിക്കുന്ന വിവരങ്ങൾ അന്തർവാഹിനികളുടെ വിന്യാസം ഉൾപ്പെടെയുള്ളവ സിവിലിയൻ, സൈനിക ആവശ്യങ്ങൾക്കായി ചൈനയ്ക്ക് പിന്നീട് ഉപയോഗിക്കാമെന്നും ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യ സുരക്ഷാ ആശങ്കകൾ ഉന്നയിച്ചതിനെ തുടർന്ന്, 2022 മുതലാണ് ചാരകപ്പലുകൾക്ക് സ്വന്തം തുറമുഖങ്ങളിൽ പ്രവേശിക്കാൻ ശ്രീലങ്ക അനുമതി നിഷേധിച്ചിരുന്നത്. അനുമതിയില്ലാതെ പ്രവേശിച്ചതിനെ തുടർന്ന് 2019ൽ ഒരു ചൈനീസ് ഗവേഷണ കപ്പലിനെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ നിന്നും ഇന്ത്യയും പുറത്താക്കിയിരുന്നു.
‘ഇന്ത്യ ഔട്ട്’ ക്യംപെയ്‌നുമായി കഴിഞ്ഞ നവംബറിൽ മുഹമ്മദ് മുയിസു മാലിദ്വീപ് പ്രെസിഡന്റായി അധികാരമേറ്റതിനു പിന്നാലെയാണ് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധവും വഷളായിരിക്കുന്നത്. മാർച്ച് 15നകം മാലിദ്വീപിൽ നിലയുറപ്പിച്ചിരിക്കുന്ന 88 ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന ആവശ്യവും ഇതിനിട മാലിദ്വീപ് പ്രസിഡന്റ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ ഇന്ത്യ അതിനു തയ്യാറാവുമോ എന്നത് കണ്ടറിയേണ്ട കാര്യം തന്നെയാണ്.
ഇന്ത്യ ഒന്നു തുമ്മിയാൽ തെറിക്കുന്ന ദൂരത്തുള്ള ദ്വീപാണ് മാലിദ്വീപ്. ഈ ദ്വീപിനെ ഒരു രാജ്യമായി ആദ്യം അംഗീകരിച്ചതും ഇന്ത്യ തന്നെയാണ്. മുൻപ് കലാപകാരികൾ മാലിദ്വീപ് ഭരണകൂടത്തെ അട്ടിമറിച്ചപ്പോൾ അവിടെ രക്ഷകരായി അവതരിച്ചതും കലാപകാരികളെ തുരത്തിയതും ഇന്ത്യൻ സൈന്യമാണ്. മാത്രമല്ല അടിസ്ഥാന കാര്യങ്ങളിൽ ഉൾപ്പെടെ ഇന്ത്യയെ ആശ്രയിച്ച് കഴിയുന്ന രാജ്യമാണത്. കോവിഡ് കാലത്ത് ഇന്ത്യ സഹായിച്ചിരുന്നില്ലങ്കിൽ മാലിദ്വീപിന്റെ അവസ്ഥ എന്തായിരിക്കുമെന്നതും ഇന്ത്യാ വിരുദ്ധനായ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു മറന്നു പോയിരിക്കുകയാണ്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലിദ്വീപ് മന്ത്രിമാരുടെ പരാമർശവും ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയുകയില്ല. വിവാദ പരാമർശം നടത്തിയ മന്ത്രിമാരെ, മുഹമ്മദ് മുയിസു സസ്പെൻഡ് ചെയ്തെങ്കിലും അതിനു ശേഷം അദ്ദേഹം ആദ്യം പറന്നത് ചൈനയിലേക്കാണ്. ചൈനീസ് പ്രസിഡൻ്റുമായി ചർച്ച നടത്തി വന്ന ശേഷമാണ് ദ്വീപിലെ ഇന്ത്യൻ സൈന്യത്തോട് സ്ഥലം വിടാൻ അദ്ദേഹം സമയപരിധി നിശ്ചയിച്ചിരുന്നത്. ഇതിനു തൊട്ടു പിന്നാലെയാണിപ്പോൾ ചൈനയുടെ ചാരക്കപ്പലും മാലിദ്വീപിലേക്ക് എത്തുവാൻ പോകുന്നത്. മാലിദ്വീപിൽ ഇന്ത്യക്കെതിരായ പുതിയൊരു പോർമുഖമാണ് ഇതുവഴി ചൈന ലക്ഷ്യമിടുന്നത്.
ഇത് തിരിച്ചറിയുന്ന ഇന്ത്യയുടെ നീക്കം എന്താകുമെന്നതാണ് ലോക രാജ്യങ്ങളും ഇപ്പോൾ ഉറ്റുനോക്കുന്നത്. തീർച്ചയായും മാലിദ്വീപ് പ്രസിഡന്റിനും ചൈനക്കുമെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ മുന്നോട്ടു പോകുക തന്നെ ചെയ്യും. അത് ഒരു സംഘർഷത്തിലേക്ക് എത്താനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയുകയില്ല. സൈനിക ശക്തിയിലും ആയുധ ശേഷിയിലും പഴയ ഇന്ത്യയല്ല പുതിയ ഇന്ത്യയെന്നത് ഏറ്റവും നന്നായി അറിയാവുന്നതും ചൈനീസ് ഭരണകൂടത്തിനു തന്നെയാണ്. അതുകൊണ്ടു കൂടിയാണ് അവർ ഇടക്കിടെ ഇന്ത്യയുടെ അയൽ രാജ്യങ്ങളിലേക്ക് ചാരക്കപ്പലുകൾ വിട്ട് രഹസ്യങ്ങൾ ചോർത്താൻ ശ്രമിക്കുന്നത്.
ശ്രീലങ്കയിലെ ചൈനീസ് അജണ്ട പൊളിച്ച ഇന്ത്യയ്ക്ക് മാലിദ്വീപ് ഭരണകൂടത്തെ നിലയ്ക്കു നിർത്താൻ മാത്രമല്ല ആ ഭരണകൂടത്തെ അവിടുത്തെ ജനങ്ങളെ മുൻ നിർത്തി തന്നെ പൊളിച്ചു കളയാനും അധികം സമയം വേണ്ടി വരില്ല. മാലിദ്വീപ് പ്രസിഡന്റിനെതിരെ ഇപ്പോൾ അലയടിക്കുന്ന പ്രതിഷേധങ്ങൾ നൽകുന്ന സൂചനയും അതു തന്നെയാണ്…
EXPRESS KERALA VIEW