സാമ്പത്തിക അസമത്വം ഗുരുതരം; അഴിമതി രഹിത രാജ്യമാകാന്‍ ഇന്ത്യക്കാവില്ലെന്ന് പോള്‍ ക്രൂഗ്മാന്‍

paul

ന്യൂഡല്‍ഹി: സാമ്പത്തിക രംഗത്ത് ഇന്ത്യ കുതിക്കുകയാണെന്ന് അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ പോള്‍ ക്രൂഗ്മാന്‍. 150 വര്‍ഷം കൊണ്ട് ബ്രിട്ടന്‍ നേടിയ സാമ്പത്തിക വളര്‍ച്ച 30 വര്‍ഷം കൊണ്ട് ഇന്ത്യയ്ക്ക് സ്വന്തമാക്കാനായെന്നും ഇത് അതിവേഗത്തിലുള്ള മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യത്തെ സാമ്പത്തിക അസമത്വം ഗുരുതര പ്രശ്നമായി തുടരുകയാണെന്നും ക്രൂഗ്മാന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ അഴിമതി വര്‍ധിക്കുകയാണെന്നും ഡെന്‍മാര്‍ക്കിനെ പോലെ അഴിമതി രഹിത രാജ്യമാകാന്‍ ഇന്ത്യക്കാവില്ലെന്നും ക്രുഗ്മാന്‍ പറഞ്ഞു.

ബിസിനസ് നടത്താന്‍ നല്ല സ്ഥലമാണ് ഇന്ത്യ. ഇന്ത്യന്‍ പശ്ചാത്തലം ബിസിനസിന് അനുകൂലമാണ്. എന്നാലും ഉദ്യോഗസ്ഥ തലത്തിലുള്ള തടസ്സം ഇപ്പോഴുമുണ്ട്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അതിവേഗത്തിലുള്ളതാണ്. എന്നിട്ടും സാമ്പത്തിക അസമത്വം മൂലം ഇന്ത്യയില്‍ ദാരിദ്ര്യം നിലനില്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാവിയില്‍ ഏഷ്യയെ നയിക്കാന്‍ ഇന്ത്യക്കാണ് സാധിക്കുക. ഇനിയും കൂടുതല്‍ കാലം സൂപ്പര്‍ പവറായി തുടരാന്‍ ജപ്പാന് സാധ്യമല്ല. കാരണം ജപ്പാനില്‍, തൊഴിലെടുക്കുന്ന പ്രായക്കാര്‍ കുറഞ്ഞു വരുന്നു. ചൈനയും അതേ അവസ്ഥയാണ് നേരിടുന്നത്. എന്നാല്‍ രാജ്യത്തെ സേവന മേഖലമാത്രം വളര്‍ന്നാല്‍ പോരെന്നും നിര്‍മാണ മേഖല കൂടി വികസിച്ചാല്‍ മാത്രമേ ഇന്ത്യന്‍ മുന്നേറ്റം സാധ്യമാകൂവെന്നും ക്രൂഗ്മാന്‍ പറഞ്ഞു.

Top