മുംബൈ: ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച ലോധ കമ്മിറ്റി തീരുമാനത്തിനെതിരെ ബിസിസിഐ. ലോധ കമ്മിറ്റിയുടെ നടപടിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് പരമ്പര റദ്ദാക്കുമെന്നാണ് ബിസിസിഐയുടെ ഭീഷണി.
ഒരു ടെസ്റ്റ് മാച്ചും അഞ്ച് ഏകദിന മത്സരങ്ങളുമാണ് പരമ്പരയില്‍ ഇനി അവശേഷിക്കുന്നത്. പണമില്ലാതെ എങ്ങനെ മത്സരങ്ങള്‍ നടത്തും. താരങ്ങള്‍ക്ക് ആര് പണം നല്‍കും ? പരമ്പര റദ്ദ് ചെയ്യുകയല്ലാതെ മറ്റൊരു പോംവഴിയില്ലെന്ന് ബിസിസിഐ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോധ കമ്മിറ്റി ബിസിസിഐ പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായി കൈ കടത്തുകയാണെന്നും ബിസിസിഐ ആരോപിക്കുന്നു. ബിസിസിഐയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഇടപെടാന്‍ ലോധ കമ്മിറ്റിയ്ക്ക് അവകാശമില്ല. താരങ്ങള്‍ക്ക് പ്രതിഫലം നല്‍കേണ്ടതുണ്ട്. പ്രതിഫലമില്ലാതെ താരങ്ങള്‍ കളിക്കാന്‍ തയ്യാറാകുമോ? അങ്ങനെയെങ്കില്‍ മത്സരം നടത്താമെന്നും ബിസിസിഐ പറയുന്നു.
രാജ്യത്തെ ക്രിക്കറ്റ് ഭരണ സംവിധാനം കുറ്റമറ്റതാക്കാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയാണ് ലോധ കമ്മിറ്റി. ലോധ കമ്മിറ്റിയുടെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബിസിസിഐ വിസമ്മതിച്ചിരുന്നു.
എല്ലാ നിര്‍ദേശങ്ങളും അതേപ്പടി അംഗീകരിക്കുന്നത് അപ്രായോഗികമാണെന്നാണ് ബിസിസിഐ നിലപാട്. ഈ നിലപാടിനെ തുടര്‍ന്നാണ് ലോധ കമ്മിറ്റി ബിസിസിഐയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.
സെപ്തംബര്‍ 30ന് ചേര്‍ന്ന ബിസിസിഐയുടെ പ്രത്യേക ജനറല്‍ മീറ്റിങ്ങിലെടുത്ത സാമ്പത്തിക തീരുമാനങ്ങള്‍ക്ക് ആവശ്യമായ പണം നല്‍കരുതെന്ന് ബാങ്കുകളോടാണ് ലോധ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. വിവിധ അസോസിയേഷനുകള്‍ക്ക് ഫണ്ട് നല്‍കാനായിരുന്നു ബിസിസിഐ യോഗത്തിലെ തീരുമാനം.
ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ ബോര്‍ഡ് അതേപടി നടപ്പിലാക്കാന്‍ തീരുമാനിച്ചാല്‍ അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കേണ്ടി വരുമെന്ന് തിങ്കളാഴ്ച്ച ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ടാക്കൂര്‍ പറഞ്ഞിരുന്നു.
ഐപിഎല്ലിനും ചാമ്പ്യന്‍സ് ട്രോഫിക്കും ഇടയില്‍ പതിനഞ്ച് ദിവസത്തെ ഗ്യാപ്പ് വേണമെന്നാണ് ലോധ കമ്മിറ്റിയുടെ ഒരു നിര്‍ദേശം. അടുത്ത വര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ പതിനെട്ട് വരെയാണ് ചാമ്പ്യന്‍സ് ട്രോഫി. ഐപിഎല്‍ ടൂര്‍ണമെന്റ് അവസാനിക്കുക മെയ് അവസാന വാരവും.
നിര്‍ദേശങ്ങള്‍ അനുസരിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ അധ്യക്ഷന്‍ അനുരാഗ് ടാക്കൂര്‍, സെക്രട്ടറി അജയ് ഷിര്‍ക്കെ തുടങ്ങിയ ബിസിസിഐ ഉന്ന അധികൃതരെ തല്‍സ്ഥാനത്ത് നിന്നും നീക്കണമെന്ന് ലോധ കമ്മിറ്റി കഴിഞ്ഞാഴ്ച്ച സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു.