ന്യൂഡല്‍ഹി: ബിജെപിയുടെ മുന്നിലെ അടുത്ത ലക്ഷ്യം ബംഗാള്‍ തെരഞ്ഞെടുപ്പാണ്. ഡല്‍ഹിയില്‍ ഏറ്റ കനത്ത പ്രഹരം ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഏറ്റവും സങ്കീര്‍ണ്ണമായ ബംഗാള്‍ തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് മോദി നേരിട്ടായിരിക്കും എന്ന വിവരങ്ങളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. എന്‍ഡിടിവിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
പാര്‍ലമെന്റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി ബംഗാളിലെ എംപിമാരുമായി കൂടിക്കാഴ്ച നടത്തുകയും ബംഗാളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. ബംഗാളിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം മോദി അംഗങ്ങളില്‍ നിന്ന് മനസിലാക്കിയിട്ടുണ്ട്. മാത്രമല്ല മമത സര്‍ക്കാറിന്റെ പ്രവര്‍ത്തനവും കേന്ദ്ര പദ്ധതികളുടെ നടപ്പാക്കലും പ്രധാനമന്ത്രി അന്വേഷിച്ചറിഞ്ഞതായും വിവരങ്ങള്‍ ലഭിക്കുന്നുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളെയെല്ലാം മുള്‍മുനയില്‍ നിര്‍ത്തികൊണ്ടുള്ള മിന്നുന്ന പ്രകടനമായിരുന്നു ബിജെപി കാഴ്ചവെച്ചിരുന്നത്. ആ അപ്രതീക്ഷിത നേട്ടം ബംഗാളില്‍ കൊണ്ടുവരുന്നതിനാണ് മോദി ഇപ്പോള്‍ തന്ത്രങ്ങള്‍ മെനയുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. റാലിയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ശക്തമായ ഭാഷയില്‍ തന്നെയാണ് അമിത് ഷാ വിമര്‍ശിച്ചത്.
എന്നാല്‍, ശക്തമായ ന്യൂനപക്ഷ സാന്നിധ്യമുള്ള ബംഗാളില്‍ സിഎഎ പ്രക്ഷോഭം ബിജെപിക്ക് തിരിച്ചടിയാകുമോ എന്ന ഭയവും നേതൃത്വത്തിനുണ്ട്. ഇത് കൂടതെ ന്യൂനപക്ഷ പ്രീണനത്തിന് മമതാ ബാനര്‍ജി പരിശ്രമിക്കുന്ന കഴ്ചയും ബംഗാളില്‍ കാണുന്നുണ്ട്.
ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി കേന്ദ്ര നേതാക്കളെ രംഗത്തിറക്കിയായിരുന്നു വ്യാപക പ്രചാരണം നടത്തിയത്. എന്നിട്ടും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല കെജ്രിവാളിന് മുന്നില്‍ മുട്ടുകുത്തേണ്ട അവസ്ഥയാണ് ഉണ്ടായത്. ഈ പശ്ചാത്തലത്തിലാണ് തന്ത്രങ്ങള്‍ നേരത്തെ ആവിഷ്‌കരിക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചത്.
ബംഗാളില്‍ നിന്ന് പരമാവധി എംഎല്‍എമാരെ നിയമസഭയില്‍ എത്തിച്ചാല്‍ രാജ്യസഭിയിലും ബിജെപിക്ക് നേട്ടമാകും.