ന്യൂഡല്‍ഹി: അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ജ്യോദിരാത്യ സിന്ധ്യ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. കൂട്ടത്തില്‍ മധ്യപ്രദേശിലെ 14 വിമത എംഎല്‍എമാരും രാജിക്കത്തയച്ചു. ഇതോടെ വെട്ടിലായിരിക്കുന്നത് കമല്‍ നാഥ് സര്‍ക്കാരാണ്.
കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി മുന്‍ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ തുടങ്ങിയവരുമായി സിന്ധ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരിക്കുന്നത്. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചതായി അധികൃതര്‍ വ്യക്തമാക്കി.
ഈ നീക്കത്തോടെ സിന്ധ്യ ബിജെപിയിലേക്ക് തന്നെ ചേക്കേറുമെന്ന് ഉറപ്പിച്ചിരിക്കുകയാണിപ്പോള്‍ കാവിപ്പട. മാത്രമല്ല സിന്ധ്യക്ക് ബിജെപി കേന്ദ്ര മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. സിന്ധ്യയെ അനുകൂലിക്കുന്ന 18 എംഎല്‍എമാരില്‍ 14 പേരാണ് അദ്ദേഹത്തോടൊപ്പം രാജിക്കത്ത് നല്‍കിയിരിക്കുന്നത്. എംഎല്‍എമാര്‍ക്ക് നാട് വിടാനുള്ള വിമാനം ബിജെപിയാണ് ഒരുക്കിയിരിക്കുന്നത്.
സംസ്ഥാനത്തെയും, രാജ്യത്തെയും ജനങ്ങളെ സേവിക്കുകയെന്ന പ്രാരംഭ ഘട്ടം മുതലുള്ള ഉദ്ദേശത്തില്‍ മാറ്റമില്ലെന്നും സിന്ധ്യ വ്യക്തമാക്കി. ‘എന്നാല്‍ ഈ പാര്‍ട്ടിയില്‍ തുടര്‍ന്ന് കൊണ്ട് ഇത് ചെയ്യാന്‍ കഴിയില്ല’, സിന്ധ്യ കത്തില്‍ സൂചിപ്പിച്ചു. ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം മറ്റ് 17 എംഎല്‍എമാരെയും തിങ്കളാഴ്ച മുതല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ബന്ധപ്പെടാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.
കോണ്‍ഗ്രസിനെ ഉന്നത നേതാവും, മുന്‍ കേന്ദ്രമന്ത്രിയുമാണ് സിന്ധ്യ. പാര്‍ട്ടിയുടെ യുവമുഖമായി കരുതിയിരുന്ന ഇദ്ദേഹത്തെ നേതൃത്വത്തിലേക്ക് പോലും പരിഗണിച്ചിരുന്നു. എന്നാല്‍ 2018ല്‍ മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനം കമല്‍നാഥിന് നല്‍കിയത് മുതല്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു.
സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെല്ലാം കമല്‍ നാഥിന്റെ വസതിയിലെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് താത്കാലിക അധ്യക്ഷ സോണിയ ഗാന്ധിയുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ചര്‍ച്ച നടത്തി വരികയാണ്.