ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ വൈറസിനെ നേരിടാനുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.
ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ആവശ്യത്തിനുള്ള മാസ്‌കുകള്‍ ലഭ്യമാക്കി തുടങ്ങി. രോഗപരിശോധനക്കായി രണ്ടു ലാബുകള്‍ സജ്ജീകരിച്ചതായും അദ്ദേഹം പറഞ്ഞു. മാത്രമല്ല സ്ഥിതി വിലയിരുത്താന്‍ എല്ലാ വകുപ്പുകളില്‍ നിന്നമുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി സംസ്ഥാനതലസമിതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് സമിതി പ്രവര്‍ത്തിക്കുക എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ത്യയിലെത്തിയ 15 ഇറ്റാലിയന്‍ വംശജര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ചാവ്‌ലി ക്യാമ്പിലേക്ക് മാറ്റിയ 21 ഇറ്റലിക്കാരില്‍ 15 പേര്‍ക്കാണ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ ജയ്പൂരില്‍ എത്തിയ ഒരു ഇറ്റലിക്കാരനും വൈറസ് സ്ഥിരീകരിച്ചിരുന്നു. നേരത്തെ ഡല്‍ഹിയിലും തെലങ്കാനയിലുമായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് 28 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
അതേസമയം ഈ വര്‍ഷം ഹോളി ആഘോഷിക്കില്ലെന്നും ആം ആദ്മി പാര്‍ട്ടിയുടെ എല്ലാ എംഎല്‍എമാരും ആഘോഷങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നും കെജ്രിവാള്‍ അറിയിച്ചു. ഡല്‍ഹി കലാപത്തിന്റെയും കൊറോണ വൈറസിന്റേയും പശ്ചാത്തലത്തിലാണ് ആഘോഷപരിപാടികള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തെ ഹോളി ആഘോഷങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്ഷായും വ്യക്തമാക്കിയിരുന്നു.