ഐപിഎസ് ഉദ്യോഗസ്ഥനും ഡോക്ടര്‍ ഭാര്യയും ക്വാറന്റൈനില്‍ നിന്ന് മുങ്ങി, പിടികൂടി പൊലീസ്

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍ കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ക്വാറന്റൈന്‍ നിര്‍ദേശിച്ച ഐപിഎസ് ഉദ്യോഗസ്ഥനെയും ഭാര്യയേയും പൊലീസ് പിടികൂടി. ഇരുവരും ക്വാറന്റൈനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പിടിയിലായത്.

റാഞ്ചിയില്‍ ജോലി ചെയ്യുന്ന ഐപിഎസ് ഉദ്യോഗസ്ഥനും ഡോക്ടറായ ഭാര്യയുമാണ് 14 ദിവസത്തെ ക്വാറന്റൈനില്‍ നിന്ന് ചാടിപോയത്. ഇവരെ പിന്നീട് പട്‌നയില്‍ നിന്നും പിടികൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുവരും കഴിഞ്ഞയാഴ്ച ഇറ്റലിയില്‍ നിന്നും തിരിച്ചെത്തിയിരുന്നു. തുടര്‍ന്നാണ് ഇവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്. ചാടിപ്പോയ ഇവരെ അധികൃതര്‍ പിന്തുടര്‍ന്നാണ് പാട്‌നയില്‍ നിന്നും പിടികൂടിയത്. ഹോട്ടലില്‍ നിന്നും പിടികൂടിയ ഇവരെ നേരിട്ട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം, തങ്ങളെ എയര്‍പോര്‍ട്ടില്‍ പരിശോധിച്ചിരുന്നെന്നും ശേഷമാണ് ഇന്ത്യയിലേക്ക് യാത്ര തിരിച്ചതെന്നും അതുകൊണ്ടാണ് നിരീക്ഷണത്തിന് നില്‍ക്കാത്തതെന്നും അവര്‍ പറഞ്ഞു. മാത്രമല്ല തങ്ങള്‍ക്ക് വൈറസില്ലെന്ന് ഇവര്‍ വാദിക്കുന്നതായും അധികൃതര്‍ പറയുന്നു.

Top