‘മൂന്ന് ദിവസം, ട്രംപ് പോകുന്നതുവരെ സമയമുണ്ട് അതു കഴിഞ്ഞാല്‍’… പൊലീസിനോട് കപില്‍ മിശ്ര

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് സമരം നടത്തുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പുമായി ബിജപി നേതാവ് കപില്‍ മിശ്ര. സിഎഎക്കെതിരെയുള്ള സമരങ്ങള്‍ രാജ്യത്ത് അവസാനിച്ചിട്ടില്ലെന്ന് മാത്രമല്ല കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധം കനക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഡല്‍ഹി പൊലീസിനോട് ഭീഷണിയുടെ സ്വരവുമായി അദ്ദേഹം രംഗത്ത് വന്നത്.

ഷഹീന്‍ ബാഗ് മോഡലില്‍ ജഫ്രാബാദിലും ചാന്ദ് ബാഗിലും സമരം നടത്തുന്ന പ്രതിഷേധക്കാരെ ഒഴിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് കപില്‍ മിശ്രയുടെ ഭീഷണി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം കഴിഞ്ഞ് അദ്ദേഹം മടങ്ങിയാല്‍ സമരക്കാരെ ഒഴിപ്പിക്കാന്‍ തെരുവിലിറങ്ങുമെന്നാണ് മിശ്രയുടെ മുന്നറിയിപ്പ്. അതേസമയം ട്രംപിനെ റെസ്പക്ട് ചെയ്യുന്നെന്നും അദ്ദേഹം പോകുന്നത് വരെ സംയമനം പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഡല്‍ഹി പൊലീസിന് ഞാന്‍ മൂന്ന് ദിവസത്തെ സമയം നല്‍കുകയാണ്. ആ ദിവസത്തിനുള്ളില്‍ പ്രതിഷേധക്കാരെ ഒഴിപ്പിക്കണം. ഇല്ലെങ്കില്‍ ഞങ്ങള്‍ തന്നെ അതിന് മുന്നിട്ടിറങ്ങും. മൂന്ന് ദിവസം കഴിഞ്ഞാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ നിന്ന് മടങ്ങിപ്പോകും. അതുവരെ ഞങ്ങള്‍ സംയമനം പാലിക്കും. അതിന് ശേഷം അനുനയ നീക്കവുമായി പൊലീസ് വരേണ്ടതില്ല. നിങ്ങള്‍ പറയുന്നത് കേള്‍ക്കാനുള്ള ബാധ്യത അപ്പോള്‍ ഞങ്ങള്‍ക്കുണ്ടാവില്ല’- കപില്‍ മിശ്ര പറഞ്ഞു.

കഴിഞ്ഞദിവസം പൗരത്വ നിയമത്തെ അനുകൂലിച്ച് റാലി നടത്തിയ കപില്‍ മിശ്രയുടെ സംഘം പ്രതിഷേധക്കാരുമായി ഏറ്റുമുട്ടിയിരുന്നു. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് ഞങ്ങള്‍ എല്ലാവരും ഒത്തുകൂടുന്നു. നിങ്ങളെയും ക്ഷണിക്കുന്നു എന്ന് ജഫ്രാബാദിലെ സമരക്കാരോട് അദ്ദേഹം പറഞ്ഞിരുന്നു. മാത്രമല്ല ജഫ്രാബാദിനെ മറ്റൊരു ഷഹീന്‍ ബാഗ് ആക്കി മാറ്റാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top