ന്യൂഡല്‍ഹി: രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം നിരവധി ജസ്റ്റിസുമാരാണ് അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നത്. ഇപ്പോള്‍ മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവും ഈ നടപടിയെ എതിര്‍ത്ത് രംഗത്ത് വന്നിരിക്കുകയാണ്.
ഗൊഗോയിയെ പോലെ ലൈംഗിക വൈകൃതമുള്ളതും ലജ്ജയില്ലാത്തതുമായ ഒരു ജഡ്ജിയെ താന്‍ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലെന്നുമാണ് കട്ജു പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു കട്ജുവിന്റെ പ്രതികരണം.
’20 വര്‍ഷം അഭിഭാഷകനായും 20 വര്‍ഷം ജഡ്ജിയായും ഞാന്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഒരുപാട് നല്ല ജഡ്ജിമാരേയും മോശം ജഡ്ജിമാരേയും എനിക്കറിയാം. എന്നാല്‍ ഇന്ത്യന്‍ ജുഡീഷ്യറിയില്‍ ഗൊഗോയിയെ പോലെ അത്രയും ലജ്ജയില്ലാത്തതും ലൈംഗിക വൈകൃതമുള്ളതുമായ ഒരു ജഡ്ജിയെ ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ല. ഇയാള്‍ക്കില്ലാത്ത ഒരു ദുശ്ശീലവും ഇല്ലായിരുന്നു’ കട്ജു ട്വീറ്റ് ചെയ്തു.
കറുത്ത കുപ്പായം അഴിച്ച് രാഷ്ട്രീയത്തിലേക്ക് കടക്കുന്ന ഗൊഗോയിയെ വിമര്‍ശിച്ച് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്ന മറ്റു ജഡ്ജിമാര്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ നടപടി സാധാരണ ജനങ്ങള്‍ക്ക് ജുഡീഷ്യറിയുടെ മേലുള്ള വിശ്വാസത്തെ ഹനിക്കുന്നതാണെന്നും പരമോന്നത കോടതിയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നിലപാടാണ് ഇതെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു.
ഇതിനിടെ ഗൊഗോയിയുടെ പ്രതികരണവും പുറത്തുവന്നിരുന്നു. പാര്‍ലമെന്റിലെ തന്റെ സാന്നിധ്യം നിയമനിര്‍മ്മാണ സഭക്ക് മുന്നില്‍ ജുഡീഷ്യറിയുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാനുള്ള അവസരമാകുമെന്നാണ് ഗൊഗോയി പ്രതികരിച്ചത്. രാജ്യസഭാ അംഗത്വം താന്‍ സ്വീകരിക്കുമെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരിക്കുമെന്നും ഗൊഗോയ് പറഞ്ഞു.