മധ്യപ്രദേശിലെ രാഷ്ട്രീയ നാടകങ്ങള്‍ക്കിടയില്‍ വിശ്വാസ വോട്ടെടുപ്പ് സുപ്രീം കോടതിയില്‍. പരസ്പരം ചെളിവാരിയെറിയുന്ന നിലപാടാണ് മധ്യപ്രദേശ് സര്‍ക്കാരും ബിജെപിയും സ്വീകരിക്കുന്നത്. ബിജെപിയുടേത് ഹിറ്റ്‌ലര്‍ രാജെന്ന് കമല്‍നാഥ് വിമര്‍ശിച്ചപ്പോള്‍ കമല്‍നാഥിന് അധികാരക്കൊതിയാണെന്ന് ബിജെപിയും തുറന്നടിച്ചു.
അതേസമയം വിമത എംഎല്‍എമാരെ കാണാന്‍ ബംഗളൂരുവിലേക്ക് പോയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെ ബംഗളൂരുവില്‍ തടഞ്ഞതും പൊലീസ് കസ്റ്റഡിയില്‍ എടുത്തതും കോണ്‍ഗ്രസ് ചോദ്യം ചെയ്തു. എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയി വിശ്വാസ വോട്ട് തേടാനും ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാനുമാണ് ബിജെപി ശ്രമിക്കുന്നതെന്ന് ദുഷ്യന്ത് ദവേ കോണ്‍ഗ്രസിന് വേണ്ടി വാദിച്ചു.
അതേസമയം വിശ്വാസവോട്ട് സംബന്ധിച്ച കേസ് ഭരണഘടന ബഞ്ചിലേക്ക് വിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഭരണഘടന ബഞ്ചിന്റെ തീര്‍പ്പ് വരുന്നതുവരെ ഉത്തരവിറക്കരുതെന്നും കോണ്‍ഗ്രസ് പറഞ്ഞു. നേരത്തെ ഗവര്‍ണര്‍ വിശ്വാസവോട്ട് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നാല്‍ കോണ്‍ഗ്രസ് ഇതിനെതിരെ സംസാരിച്ചപ്പോള്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നു. ഇത് ഭരണഘടന വിരുദ്ധമായ നടപടിയാണെന്നാണ് കോണ്‍ഗ്രസ് കോടതിയില്‍ പറഞ്ഞത്.
അതേസമയം, ആറ് എംഎല്‍എമാരുടെ രാജി സ്പീക്കര്‍ അംഗീകരിച്ചതല്ലേ എന്ന് കോടതി ചോദിച്ചു. അതുവെച്ചാകും 22 എംഎല്‍എമാരുടെയും സാഹചര്യം ഗവര്‍ണര്‍ വിലയിരുത്തിയതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
വിശ്വാസ വോട്ട് വൈകിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപിക്ക് വേണ്ടി മുകുള്‍ റോത്തഗി വാദിച്ചു. കമല്‍നാഥിന് അധികാരക്കൊതിയാണെന്നും ജനാധിപത്യത്തെയോ ഭരണഘടനയെയോ പറ്റി പറയാന്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്നും ബിജെപി പറഞ്ഞു. അടിയന്തിരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ് ചെയ്തത് എന്തെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ബിജെപി വാദിച്ചു.