ഇറ്റലിയില്‍ നിന്ന് തിരിച്ചെത്തിയ രാഹുലും കൊറോണബാധ പരിശോധിക്കണം; ബി.ജെ.പി. നേതാവ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കൊറോണ വൈറസ് ബാധ പരിശോധിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി. നേതാവ് രമേഷ് ബിധുരി രംഗത്ത്. ഈയടുത്താണ് രാഹുല്‍ ഇറ്റലിയില്‍ നിന്ന് വന്നത് അതിനാല്‍ രാഹുലും ക്വാറന്റൈനും(സമ്പര്‍ക്കവിലക്ക്) കൊറോണ വൈറസ് ബാധ പരിശോധനയ്ക്കും വിധേയനാകണമെന്നായിരുന്നു ബി.ജെ.പി. നേതാവിന്റെ പരാമര്‍ശം.

‘രാഹുല്‍ ഗാന്ധി ഈയടുത്താണ് ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയത്. വിമാനത്താവളത്തില്‍ അദ്ദേഹം പരിശോധനയ്ക്ക് വിധേയനായോ എന്ന കാര്യം എനിക്കറിയില്ല. മരണഹേതുവായ വൈറസ് ബാധയേറ്റിട്ടില്ലെന്ന് സ്ഥിരീകരിക്കാന്‍ അദ്ദേഹവും വൈദ്യപരിശോധന നടത്തണം’-രമേഷ് ബിധുരി പറഞ്ഞു.

കഴിഞ്ഞയാഴ്ച വരെ രാഹുല്‍ ഇറ്റലിയില്‍ അവധിയാഘോഷത്തിലായിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബി.ജെ.പി. നേതാവിന്റെ പരാമര്‍ശം.

അതേസമയം, ഇന്ത്യയിലെത്തിയ 15 ഇറ്റാലിയന്‍ വംശജര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ചാവ്ലി ക്യാമ്പിലേക്ക് മാറ്റിയ 21 ഇറ്റലിക്കാരില്‍ 15 പേര്‍ക്കാണ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ ജയ്പൂരില്‍ എത്തിയ ഒരു ഇറ്റലിക്കാരനും വൈറസ് സ്ഥിരീകരിച്ചിരുന്നു. നേരത്തെ ഡല്‍ഹിയിലും തെലങ്കാനയിലുമായിരുന്നു രോഗം സ്ഥിരീകരിച്ചത്.

Top