തീഹാര്‍ ജയിലിലും കൊറോണ ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കിയതായി അധികൃതര്‍ പറഞ്ഞു. എല്ലാ അന്തേവാസികളേയും പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും ആര്‍ക്കും തന്നെ വൈറസ് ലക്ഷണങ്ങള്‍ ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. എഎന്‍ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, പുതിയതായി കൊണ്ടുവന്ന തടവുകാരെ പരിശോധനയ്ക്ക് വിധേയമാക്കി മൂന്ന് ദിവസത്തേയ്ക്ക് മറ്റൊരു വാര്‍ഡില്‍ പാര്‍പ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു.
ജയിലിലെ അന്തേവാസികള്‍ക്ക് കൊറോണയുടെ ലക്ഷണങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും വിവരങ്ങള്‍ ആരോഗ്യ അധികൃതര്‍ നല്‍കിയിട്ടുണ്ട്. മറ്റ് അന്തേവാസികളുമായി ഇടപഴകുന്നതിനെ കുറിച്ചും വ്യക്തിശുചിത്വത്തെ കുറിച്ചും അന്തേവാസികള്‍ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്. 17500 ഓളം തടവുകാരാണ് ഇപ്പോള്‍ തീഹാര്‍ ജയിലിലുള്ളത്. ജയില്‍ ആയതിനാല്‍ തന്നെ ഒരാള്‍ക്ക് രോഗം പിടിപെട്ടാല്‍ മറ്റുള്ളവരിലേക്ക് പകരാന്‍ എളുപ്പമായിരിക്കും. അങ്ങനെ വന്നാല്‍ തടവുകാരെ മാറ്റുക എന്നത് ശ്രമകരമായിരിക്കും. ഈ ആശങ്കകള്‍ നിലനില്‍ക്കുമ്പോഴാണ് തടവുകാരുടെ പരിശോധന നടത്തിയത്.
ഇന്ത്യയില്‍ കൊറോണ ബാധിച്ച് 2 മരണമാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ ഉള്‍പ്പടെ ആകെ 83 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുമുണ്ട്. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വിദ്യാഭ്യാസം സ്ഥാപനങ്ങള്‍, സിനിമ തിയേറ്ററുകള്‍, മാളുകള്‍, എന്നിവ അടച്ചുപൂട്ടിയിരിക്കുകയാണ്.