ആരോപണങ്ങള്‍ക്കൊടുവില്‍ ഗാന്ധിജിക്ക് വെള്ള പുഷ്പങ്ങളാല്‍ നിര്‍മ്മിച്ച റീത്ത്!

ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യയും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരമര്‍പ്പിച്ചു. മഹാത്മാഗാന്ധിയുടെ അന്ത്യ വിശ്രമ സ്ഥാനമായ രാജ്ഘട്ടില്‍ എത്തിയ ഇരുവരും വെള്ള പുഷ്പങ്ങളാല്‍ നിര്‍മ്മിച്ച റീത്താണ് സമര്‍പ്പിച്ചത്.

എല്ലാ അമേരിക്കന്‍ പ്രസിഡന്റുമാരും ഇത്യയിലെത്തിയാല്‍ രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരമര്‍പ്പിക്കാറുണ്ടായിരുന്നു. രാജ്ഘട്ടില്‍ നിന്ന് ട്രംപ് പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചക്കായി ഹൈദരാബാദ് ഹൗസിലേക്ക് തിരിച്ചു.

12.40ന് ഇരുരാജ്യങ്ങളും അഞ്ച് കരാറുകളില്‍ ഒപ്പുവെക്കും എന്നാണ് ലഭിക്കുന്ന വിവരം. മൂന്ന് ബില്ല്യണ്‍ ഡോളറിന്റെ പ്രതിരോധ ഇടപാട് ഉള്‍പ്പടെ കരാറുകളില്‍ ഇടംപിടിച്ചിട്ടുണ്ട്.

വൈകീട്ട് ഏഴ് മണിക്ക് ട്രംപിന് രാഷ്ട്രപതി ഭവനില്‍ അത്താഴ വിരുന്ന് നല്‍കും. ഈ പരിപാടിയില്‍ നിന്ന് സോണിയാഗാന്ധിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് വിരുന്ന് കോണ്‍ഗ്രസ് ബഹിഷ്‌കരിക്കും എന്നാണ് വിവരം.

അതേസമയം കഴിഞ്ഞദിവസം ട്രംപിനെതിരെ ഗുരുതര ആരോപണമായിരുന്നു കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നത്. സബര്‍മതി ആശ്രമത്തിലെത്തിയ ട്രംപും ഭാര്യയും മഹാത്മാഗാന്ധിയെക്കുറിച്ചോ അദ്ദേഹത്തിന്റെ സഹനസമരത്തെക്കുറിച്ചോ അഹിംസയെന്ന ആശയത്തെക്കുറിച്ചോ പരാമര്‍ശിച്ചില്ല എന്നായിരുന്നു ആരോപണം.

എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്, പ്രധാനമന്ത്രി മോദി… വിസ്മയകരമായ ഈ സന്ദര്‍ശനമൊരുക്കിയതിനു നന്ദി.. സബര്‍മതി ആശ്രമത്തില്‍ ഗാന്ധി സ്മൃതിയിലെ സന്ദര്‍ശക പുസ്തകത്തില്‍ ഡോണള്‍ഡ് ട്രംപ് എഴുതിയത് ഇങ്ങനെയായിരുന്നു.

Top