ചെന്നൈ: കാലം എത്ര മാറി എന്ന് പറഞ്ഞിട്ടും കാര്യമില്ല. പലരും ഇപ്പോഴും പഴയ ദുരാചാരങ്ങള്‍ തന്നയാണ് പിന്തുടരുന്നത്. അത്തരത്തില്‍ തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്ന ഒന്നാണ് ആര്‍ത്തവ അനാചാരം. ഈ ദുരാചാരത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് യൂനിസെഫ്.
ആര്‍ത്തവസമയത്ത് പെണ്‍കുട്ടികളെ ഒറ്റപ്പെട്ട ഷെഡ്ഡില്‍ മാറ്റിയിരുത്തുന്നത് ശരിയല്ലെന്നും ഇതിനെതിരെ ബോധവത്കരണം നടത്തുമെന്നുമാണ് യൂനിസെഫ് പറയുന്നത്. പെണ്‍കുട്ടികള്‍ക്ക് പഠന സൗകര്യം ഉറപ്പ് വരുത്തണമെന്നും യൂനിസെഫ് വ്യക്തമാക്കി. സര്‍ക്കാരിനൊപ്പം ചേര്‍ന്നാണ് യൂനിസെഫ് പദ്ധതി തയ്യാറാക്കുന്നത്.
ആര്‍ത്തവ അനാചാരങ്ങള്‍ കാരണം തമിഴ്‌നാട്ടിലെ പല പെണ്‍കുട്ടികള്‍ക്കും പഠനം പോലും നിര്‍ത്തേണ്ട സാഹചര്യം ഉണ്ട്. ഈ ഗതികേട് മനസിലാക്കിയാണ് യൂനിസെഫ് വിഷയത്തില്‍ ഇടപെടുന്നത്. വിദ്യാഭ്യാസം നിലക്കുന്നതോടെ മിക്ക പെണ്‍കുട്ടികളും ചെറുപ്പത്തിലേ കുടുംബജീവിതത്തിലേക്ക് കടക്കാനും നിര്‍ബന്ധിതരാവുന്നുണ്ട്.
ഒന്‍പതാം ക്ലാസില്‍ വെച്ച് പഠിപ്പ് മുടങ്ങിയ ലാവണ്യക്കും സഹോദരിമാര്‍ക്കും സന്നദ്ധപ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം ബോധവത്കരണത്തിന് ഒടുവിലാണ് വീണ്ടും പഠിക്കാനുള്ള അവസരം കിട്ടിയത്. എന്നാല്‍ ചിന്നൈയാപുരത്തെ ഭൂരിഭാഗം പെണ്‍കുട്ടികളുടേയും സ്ഥിതി ഇങ്ങനെയാണ്, ആര്‍ത്തവ സമയത്ത് പുസ്തകം തൊടുന്നത് പോലും തെറ്റായാണ് വീട്ടുകാര്‍ കാണുന്നത്.
തമിഴ്‌നാട്ടിലെ മാത്രം സ്ഥിതിയല്ല ഇത്. പ്രബുദ്ധ കേരളത്തിലും ഇത്തരം ദുരാചാരങ്ങള്‍ നടക്കുന്നുണ്ട്.