ഇന്ത്യക്കെതിരായ ടി-20 പരമ്പരയിൽ ന്യൂസീലൻഡ് പേസർ ജമീസൺ കളിക്കില്ല

ന്ത്യക്കെതിരായ ടി-20 പരമ്പരയിൽ ന്യൂസീലൻഡ് പേസർ കെയിൽ ജമീസൺ കളിക്കില്ല. ടെസ്റ്റ് പരമ്പരയ്ക്കു വേണ്ടി തയ്യാറെടുക്കുന്നതിനായി താരത്തിന് വിശ്രമം അനുവദിച്ചു. നായകൻ കെയിൻ വില്ല്യംസണും വിശ്രമം അനുവദിച്ചു. ഇന്ന് മുതലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പര ആരംഭിക്കുക. രാത്രി 7.30ന് ജയ്പൂരിലെ സാവായ് മാൻസിങ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. നവംബർ 19ന് റാഞ്ചി ജെഎസ്‌സിഎ ഇൻ്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്സിൽ രണ്ടാം മത്സരവും 21ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ മൂന്നാം മത്സരവും നടക്കും.

രാഹുൽ ദ്രാവിഡ് പരിശീലകനും രോഹിത് ശർമ്മ ക്യാപ്റ്റനുമായതിനു ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ മത്സരമാണ് ഇത്. മുൻപ് ഏഷ്യാ കപ്പിൽ ഉൾപ്പെടെ രോഹിത് ഇന്ത്യയെ നയിച്ചിരുന്നെങ്കിലും സ്റ്റാൻഡ് അപ്പ് ക്യാപ്റ്റൻ്റെ ചുമതലയാണ് രോഹിതിനുണ്ടായിരുന്നത്. എന്നാൽ, ഈ പരമ്പര മുതൽ രോഹിത് ഇന്ത്യൻ ടീമിൻ്റെ മുഴുനീള ടി-20 ക്യാപ്റ്റനാവും.

വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവർക്ക് ടൂർണമെന്റിൽ വിശ്രമം അനുവദിച്ചിട്ടുണ്ടെന്ന് ബിസിസിഐ വ്യക്തമാക്കി. ഹർദിക് പാണ്ഡ്യയെ ഒഴിവാക്കി. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച യുവതാരങ്ങളായ വെങ്കടേഷ് അയ്യർ, അവേഷ് ഖാൻ, ഹർഷൽ പട്ടേൽ, ഋതുരാജ് ഗെയ്ക്വാദ് എന്നിവർ ടീമിൽ ഇടംപിടിച്ചു.

Top