എന്‍സിഇആര്‍ടി പുസ്തകങ്ങളില്‍ ഇനി ഇന്ത്യ ഇല്ല; ഭാരത് എന്നാക്കാന്‍ ശുപാര്‍ശ നല്‍കി എന്‍ സി ഇ ആര്‍ ടി സമിതി

ഡല്‍ഹി: രാജ്യത്തിന്റെ പേര് ഇന്ത്യയെന്ന് രേഖപ്പെടുത്തിയ എല്ലാ പാഠപുസ്തകങ്ങളിലും തിരുത്തല്‍ വരുത്താന്‍ എന്‍ സി ഇ ആര്‍ ടി. ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാന്‍ എന്‍ സി ഇ ആര്‍ ടി സമിതി ശുപാര്‍ശ നല്‍കി. പ്രാചീന ചരിത്രത്തിന് പകരം ഇനി ക്ലാസിക്കല്‍ ഹിസ്റ്ററി പഠിപ്പിക്കണമെന്നും ശുപാര്‍ശയുണ്ട്. മധ്യകാല, ആധുനിക ചരിത്രമെന്ന് വിഭജനമില്ല. പുരാണങ്ങള്‍ പഠിപ്പിക്കുന്നതില്‍ രാഷ്ട്രീയമില്ല. പാഠപുസ്തകങ്ങളില്‍ ഇനി ഭാരതം എന്നേ ഉണ്ടാകൂ എന്നും അദ്ദേഹം പ്രതികരിച്ചു. സി ഐ ഐസകിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ശുപാര്‍ശ നല്‍കിയത്.

സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങള്‍ സംബന്ധിച്ച് എന്‍സിആര്‍ടി നിയോഗിച്ച സമിതിയാണ് രാജ്യത്തിന്റെ പേര് ഭാരത് എന്ന് എല്ലാ പാഠപുസ്തകങ്ങളിലും രേഖപ്പെടുത്താന്‍ ശുപാര്‍ശ നല്‍കിയത്. സമിതി ഐകകണ്‌ഠേന എടുത്ത തീരുമാനമാണിതെന്നാണ് വിവരം. ചരിത്ര പുസ്തകങ്ങളില്‍ കൂടൂതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്താനാണ് മാറ്റമെന്ന് സമിതി അധ്യക്ഷന്‍ സിഐ ഐസക് പ്രതികരിച്ചു.

പ്ലസ് ടു വരെയുള്ള പാഠപുസ്തകങ്ങളില്‍ ഇന്ത്യയ്ക്ക് പകരം ഭാരതം എന്ന് ഉപയോഗിക്കും. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഈ മാറ്റം നടപ്പാക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പാഠഭാഗങ്ങളില്‍ ഇന്ത്യന്‍ രാജാക്കന്മാരുടെ ചരിത്രം കൂടൂതല്‍ ഉള്‍പ്പെടുത്തും. മാര്‍ത്താണ്ഡ വര്‍മ്മയുടെ ചരിത്രവും പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും സമിതി ഏകകണ്ഠമായിട്ടാണ് ഇക്കാര്യങ്ങള്‍ ശുപാര്‍ശ ചെയ്തതെന്നും ഐസക് പറഞ്ഞു. രാഷ്ട്രീയ വിവാദത്തില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top