ഏഷ്യൻ ഗെയിംസിന് ഫുട്ബോൾ ടീമിനെ അയക്കാതെ ഇന്ത്യ

ന്യൂഡൽഹി : തുടർച്ചയായി രണ്ടാം തവണയും ഏഷ്യൻ ഗെയിംസിന് ഫുട്ബോൾ ടീമിനെ അയക്കാതെ ഇന്ത്യ. ഏഷ്യൻ റാങ്കിങ്ങിൽ ആദ്യ എട്ട് സ്ഥാനങ്ങളിലുള്ള ഇനങ്ങളിൽ മാത്രം മത്സരിച്ചാൽ മതിയെന്ന നിലപാടാണ് ഇന്ത്യൻ ഫുട്ബോൾ ടീമിനു തിരിച്ചടിയായത്. ഇന്റർകോണ്ടിനെന്റൽ കപ്പും സാഫ് കപ്പും ജയിച്ച് നിൽക്കുമ്പോൾ ഇന്ത്യ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാത്തതിനെതിരെ ആരാധകരും രോഷത്തിലാണ്. പരിശീലകന്‍ ഇഗോർ സ്റ്റിമാച്ചിന്റെ കീഴിൽ അണ്ടർ 23 താരങ്ങളെ ഏഷ്യൻ ഗെയിംസിന് വിടാൻ ഇന്ത്യന്‍ ഫുട്ബോൾ ഫെ‍ഡറേഷൻ ആലോചിച്ചിരുന്നു.

സെപ്റ്റംബർ ഏഴു മുതൽ പത്തു വരെ തായ്‍ലൻഡില്‍ നടക്കുന്ന കിങ്സ് കപ്പിൽ ഇന്ത്യൻ ഫുട്ബോൾ ടീം പങ്കെടുക്കുന്നുണ്ട്. സെപ്റ്റംബർ 23 മുതൽ ഒക്ടോബര്‍ എട്ടുവരെ ചൈനയിലാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ വിവിധ രാജ്യങ്ങളുടെ അണ്ടർ 23 താരങ്ങളാണു കളിക്കുക. മൂന്ന് താരങ്ങൾക്കു പ്രായപരിധിയിൽ ഇളവും ലഭിക്കും.

‘യോഗ്യത’ സംബന്ധിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷനും ദേശീയ സ്പോര്‍ട്സ് ഫെഡറേഷനുകൾക്കും കേന്ദ്ര കായിക മന്ത്രാലയമാണു കത്തയച്ചത്. ഏഷ്യൻ റാങ്കിങ്ങിൽ 18–ാം സ്ഥാനത്താണ് ഇന്ത്യ. തീരുമാനം മാറ്റണമെന്ന അഭ്യർഥനയുമായി എഐഎഫ്എഫ് കായിക മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. ഫിഫ റാങ്കിങ്ങിൽ ആദ്യ നൂറിൽ ഇന്ത്യ അടുത്തിടെ ഇടം പിടിച്ചിരുന്നു.

Top