ജനീവ: യുഎന്‍ രക്ഷാസമിതി വിപുലീകരണത്തെ എതിര്‍ത്ത് പാകിസ്ഥാന്‍. ഇന്ത്യ രക്ഷാസമിതി സ്ഥിരാംഗത്വം നേടുന്നത് തടയുക എന്നതാണ് പാകിസ്താന്റെ ലക്ഷ്യം.
എന്നാല്‍ ഇന്ത്യ സ്ഥിരാംഗത്വത്തിനു വേണ്ടി ഇന്ത്യ വീറ്റോ അധികാരം താല്‍ക്കാലികമായി ഉപേക്ഷിക്കുന്നതായും സൂചനയുണ്ട്.
രക്ഷാസമിതിയില്‍ സ്ഥിരംഗത്വം നേടാനായി ശ്രമിക്കുന്ന ജി4 കൂട്ടായ്മയിലെ മറ്റ് രാജ്യങ്ങളും ഇതേ പാത പിന്തുടര്‍ന്നേക്കുമെന്നാണ് വിവരം. ഇന്ത്യ, ബ്രസീല്‍, ജര്‍മനി, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ജി4 കൂട്ടായ്മയിലുള്ളത്.
രക്ഷാസമിതി സ്ഥിരാംഗത്വത്തിനായി ഈ രാജ്യങ്ങള്‍ പരസ്പരം പിന്തുണയ്ക്കുന്നു.അതേസമയം വീറ്റോ അധികാരമാണ് പ്രധാനപ്പെട്ട വിഷയമെന്നും എന്നാല്‍ രക്ഷാസമിതി വിപുലീകരിക്കാതിരിക്കാന്‍ അതൊരു കാരണമാകരുതെന്നും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദീന്‍ പറഞ്ഞു.
വിഷയത്തില്‍ മന്ത്രിതലത്തിലുള്ള സമവായ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നിലവിലെ സ്ഥിരാംഗങ്ങള്‍ക്കുള്ളതുപോലെയുള്ള വീറ്റോ അധികാരം പുതിയ സ്ഥിരാംഗങ്ങള്‍ക്കുണ്ടാകുമെങ്കിലും ചില മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമെ അത് പ്രയോഗിക്കു എന്നും അദ്ദേഹം പറയുന്നു.
അതേസമയം പുതിയ സ്ഥിരാംഗങ്ങള്‍ രക്ഷാസമിതിയില്‍ വരുന്നതിനോട് നിലവിലുള്ള സ്ഥിരാംഗങ്ങള്‍ അനുകൂലമായല്ല പ്രതികരിക്കുന്നത്. സ്ഥിരാംഗത്വത്തിന് പകരം കാലാവധി കൂടുതലുള്ള താല്‍ക്കാലിക അംഗങ്ങള്‍ക്കായുള്ള പുതിയ വിഭാഗത്തെ ഉണ്ടാക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍ ജി4 രാജ്യങ്ങള്‍ ഇക്കാര്യം അംഗീകരിക്കുന്നില്ല.
ഇറ്റലിയാണ് പുതിയ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. രക്ഷാസമിതിയിലേക്ക് പുതിയതായി 11 താല്‍ക്കാലിക സീറ്റുകള്‍ കൂടി കൂട്ടിച്ചേര്‍ക്കാമെന്നും അതില്‍ ഒമ്പതെണ്ണത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കാലാവധി കൂട്ടി നല്‍കാമെന്നുമാണ് ഇവര്‍ വാദിക്കുന്നത്.
സ്ഥിരാംഗങ്ങളുടെ അംഗസംഖ്യ വര്‍ധിപ്പിക്കാതെയുള്ള എത് പരിഷ്‌കാരവും തുല്യത എന്ന ആഫ്രിക്കയുടെ ആഗ്രഹത്തിനോടുള്ള കടുത്ത അനീതിയാണെന്ന് അക്ബറുദീന്‍ പറയുന്നു. മാത്രമല്ല 53 അംഗങ്ങളുള്ള ഏഷ്യപസഫിക് മേഖലയില്‍ നിന്ന് രക്ഷാസമിതിയിലേക്ക് രണ്ട് താല്‍ക്കാലിക അംഗങ്ങള്‍ മാത്രമുള്ളപ്പോള്‍ 23 അംഗങ്ങള്‍ മാത്രമുള്ള പാശ്ചാത്യ മേഖലയില്‍ നിന്ന് രണ്ട് സീറ്റുകള്‍ ഉള്ളകാര്യവും അദ്ദേഹം ചൂണ്ടിക്കാണിച്ചു.