ന്യൂഡല്‍ഹി; ഇന്ത്യന്‍ എണ്ണക്കപ്പലുകളില്‍ സുരക്ഷയ്ക്കായി നാവികസേനാ ഓഫിസര്‍മാരെയും നാവികരെയും നിയോഗിക്കാന്‍ തീരുമാനം. പേര്‍ഷ്യന്‍ ഉള്‍ക്കടലിലൂടെ സഞ്ചരിക്കുന്ന ഇന്ത്യന്‍ കപ്പലുകളിലാണ് സുരക്ഷ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. ഓരോ എണ്ണക്കപ്പലിലും ഒരു ഓഫിസറെയും രണ്ടു നാവികരെയും നിയോഗിക്കാനാണ് നാവികസേന പദ്ധതിയിടുന്നത്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ഹോര്‍മുസ് കടലിടുക്കില്‍ ഇവര്‍ കപ്പലുകള്‍ക്കു സുരക്ഷ ഒരുക്കും.
ഹെലികോപ്ടര്‍ ഇറക്കാന്‍ സൗകര്യമുള്ള കപ്പലുകളില്‍ നാവികസേനാ സംഘം പറന്നിറങ്ങും. മറ്റുള്ള കപ്പലുകളില്‍ സംഘത്തെ ബോട്ടിലാവും എത്തിക്കുക. മേഖലയില്‍ അമേരിക്ക-ഇറാന്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ അധികൃതരുടെ തീരുമാനം.
ഇതുസംബന്ധിച്ച് ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍, ഇന്ത്യന്‍ ഷിപ്പ് ഓണേഴ്സ് അസോസിയേഷന്‍ എന്നിവരുമായി നാവികസേന ഇന്നു ചര്‍ച്ച നടത്തും. പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ വഴി കടന്നു പോകുന്ന ഇന്ത്യന്‍ കപ്പലുകളെ ഹരിയാനയിലെ ഗുഡ്ഗാവിലുള്ള നാവികസേനാ കേന്ദ്രമാണു നിരീക്ഷിക്കുന്നത്. നാവികസേനയുടെ ഡിസ്ട്രോയര്‍ ഐഎന്‍എസ് ചെന്നൈയും പട്രോളിങ് കപ്പലായ ഐഎന്‍എസ് സുനയനയുമാണ് മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്.
പ്രതിദിനം അഞ്ചു മുതല്‍ എട്ടു വരെ ഇന്ത്യന്‍ എണ്ണക്കപ്പലുകളാണ് പേര്‍ഷ്യന്‍ ഉള്‍ക്കടലിലൂടെ സഞ്ചരിക്കുന്നത്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ 63.29 ശതമാനവും ഗള്‍ഫ് മേഖലയില്‍ നിന്നാണ്. ഇറാഖ്, സൗദി, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളില്‍നിന്നാണ് ഇന്ത്യ ഇപ്പോള്‍ പ്രധാനമായും എണ്ണ ഇറക്കുമതി ചെയ്യുന്നത്.