പുല്‍വാമ ആക്രമണം ; നൽകിയ തെളിവുകൾ പാകിസ്ഥാൻ തള്ളിയത് നിർഭാഗ്യകരമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി : പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നല്‍കിയ തെളിവുകള്‍ പാകിസ്ഥാന്‍ തള്ളിയത് നിര്‍ഭാഗ്യകരമെന്ന് ഇന്ത്യ. ഭീകരര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പാകിസ്ഥാന്‍ നല്‍കിയ ഉറപ്പ് പാലിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. മുംബൈ ആക്രമണത്തിന് ശേഷമുള്ള ചരിത്രം പാകിസ്ഥാന്‍ ആവര്‍ത്തിക്കുകയാണ്. ജയ്ഷ് – ഇ മുഹമ്മദിന്റെ പങ്കിന് കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

ഭീകരരുടെയും താവളങ്ങളുടെയും വിവരങ്ങളും ഇന്ത്യ നല്‍കിയ തെളിവുകളിലുണ്ടായിരുന്നു. ഇത് അപര്യാപ്തമെന്നാണ് പാകിസ്ഥാന്‍ വിദേശ കാര്യ മന്ത്രാലയം നല്‍കിയ മറുപടി വ്യക്തമാക്കുന്നത്. പുല്‍വാമ ആക്രമണത്തിന് ശേഷം ഭീകരര്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ പാകിസ്ഥാനുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായിരുന്നു. പിന്നാലെയാണ് ഇന്ത്യ ഭീകരരുടെ വിവരങ്ങള്‍ കൈമാറിയത്.

ഇന്ത്യ ചൂണ്ടിക്കാണിച്ച 22 പ്രദേശങ്ങളില്‍ പരിശോധന നടത്തിയെന്നും ഇവിടെ ഭീകരവാദ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി യാതാരു തെളിവുകളും ലഭിച്ചിട്ടില്ലെന്നും അഭ്യര്‍ഥിക്കുകയാണെങ്കില്‍ ഇവിടം സന്ദര്‍ശിക്കാന്‍ ഇന്ത്യയ്ക്ക് അനുമതി നല്‍കാമെന്നും തെളിവുകള്‍ തള്ളിക്കൊണ്ട് പാക്കിസ്ഥാന്‍ പറഞ്ഞിരുന്നു.

ഇന്ത്യ നല്‍കിയ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് 54 പേരെ ചോദ്യം ചെയ്തെങ്കിലും ഇവരുടെ ഭീകരവാദ ബന്ധം തെളിയിക്കാനുള്ള തെളിവുകള്‍ കണ്ടെത്താനായില്ലെന്നും പാക്കിസ്ഥാന്‍ പറയുന്നു. പുതിയ തെളിവുകള്‍ ഇന്ത്യ നല്‍കുകയാണെങ്കില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് പാക്കിസ്ഥാന്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.

ഭീകരാക്രമണത്തിന്റെ തെളിവുകള്‍ നല്‍കിയാല്‍ അന്വേഷിക്കാമെന്ന് പാക്ക് പ്രധാനമന്ത്രി തന്നെ ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രാഥമിക തെളിവുകള്‍ ഇന്ത്യ കൈമാറിയത്.കഴിഞ്ഞ ദിവസമാണ് പാക്കിസ്ഥാനിലെ ഇന്ത്യന്‍ഹൈക്കമ്മീഷണര്‍ക്ക് പാക്ക് വിദേശകാര്യ സെക്രട്ടറി ഇന്ത്യ നല്‍കിയ തെളിവുകള്‍ക്ക് മറുപടി കൈമാറിയത്.

Top