ഗവണ്‍മെന്റ് അനുമതി ലഭിച്ചാല്‍ ശ്രീലങ്കന്‍ പര്യടനത്തിന് ഇന്ത്യന്‍ ടീം തയ്യാര്‍: ബി.സി.സി.ഐ

മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിന് ഇന്ത്യന്‍ ടീം തയ്യാറാണെന്ന് ബി.സി.സി.ഐ. ഗവണ്‍മെന്റിന്റെ അനുമതി ലഭിക്കുകയാണെങ്കില്‍ ജൂലൈ അവസാനം നടക്കുന്ന ആറു മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കാണ് ഇന്ത്യ പോകുന്നത്.

താരങ്ങളുടെ ആരോഗ്യസ്ഥിതിയിലും സുരക്ഷയിലും യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യാതെയായിരിക്കും ഈ പര്യടനമെന്നും ബി.സി.സി.ഐ ട്രഷറര്‍ അരുണ്‍ ധൂമല്‍ പറഞ്ഞു.

ഇതുസംബന്ധിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ബി.സി.സി.ഐയ്ക്ക് കത്തയച്ചിരുന്നു. അടച്ചിട്ട സ്റ്റേഡിയത്തില്‍ മൂന്നു വീതം ഏകദിനങ്ങളും ട്വന്റി-20യും നടത്താന്‍ തയ്യാറാണെന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. ജൂലൈ അവസാനമായിരിക്കും മത്സരങ്ങളെന്നും ഇന്ത്യന്‍ ടീം ക്വാറന്റൈന്‍ നിയമങ്ങള്‍ പാലിക്കേണ്ടി വരുമെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഈ കത്തിന് മറുപടി നല്‍കുകയായിരുന്നു ബി.സി.സി.ഐ ട്രഷറര്‍ അരുണ്‍ ധൂമല്‍.

മാര്‍ച്ച് 25-നാണ് ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതിനുശേഷം ഇന്ത്യന്‍ ടീം ക്രിക്കറ്റ് മത്സരങ്ങളൊന്നും കളിച്ചിട്ടില്ല. പല താരങ്ങളും വീട്ടില്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ്.

Top