യു എന്നിൽ കാലാവസ്ഥ പ്രമേയത്തെ ഇന്ത്യ എതിർത്തു; നയരൂപീകരണത്തിന്‌ തിരിച്ചടി

ന്യൂയോർക്ക്‌: കാലാവസ്ഥാ വ്യതിയാനം ആഗോള സുരക്ഷയ്ക്കും സമാധാനത്തിനും വെല്ലുവിളിയാണെന്ന യുഎൻ രക്ഷാസമിതി പ്രമേയത്തെ എതിർത്ത്‌ വോട്ടുചെയ്ത്‌ ഇന്ത്യ. ചൈന വിട്ടുനിന്നു. റഷ്യ പ്രമേയത്തെ വീറ്റോ ചെയ്തതോടെ ആഗോളതാപനത്തിൽ കേന്ദ്രീകരിച്ചുള്ള നയരൂപീകരണം എന്ന രക്ഷാസമിതിയുടെ ലക്ഷ്യത്തിന്‌ തിരിച്ചടി.

ആഫ്രിക്കൻ രാജ്യങ്ങളിലും ഇറാഖിലും ഉൾപ്പെടെ കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന സുരക്ഷാപ്രശ്‌നങ്ങളെപ്പറ്റി 2007ൽ രക്ഷാസമിതി പ്രമേയം പാസാക്കി. ഇതിനുശേഷം പലപ്പോഴായി വിഷയം ചർച്ചയ്ക്കുവന്നു. എന്നാൽ, കാലാവസ്ഥാ വ്യതിയാനംതന്നെ സുരക്ഷാപ്രശ്‌നമാണെന്ന തരത്തിലുള്ള ആദ്യ പ്രമേയമായിരുന്നു തിങ്കളാഴ്ചത്തേത്‌. അയർലൻഡും നൈജറുമാണ് പ്രമേയം മുന്നോട്ടുവച്ചത്‌.

രക്ഷാസമിതിയിലെ 15 അംഗങ്ങളിൽ 12 പേരാണ്‌ അനുകൂലിച്ചത്‌. റഷ്യൻ നടപടിയെ അമേരിക്ക വിമർശിച്ചു. യുഎന്നിന്റെ കാലാവസ്ഥാ വ്യതിയാനവുമായി  ബന്ധപ്പെട്ട സമിതികൾ ചർച്ച ചെയ്യേണ്ട വിഷയമാണ പ്രമേയത്തിലുള്ളതെന്ന് എതിർത്ത രാജ്യങ്ങൾ അവകാശപ്പെട്ടു.ശാസ്ത്രീയവും സാമ്പത്തികവുമായി വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുന്നത്‌ അണുബോംബിന്റെ ഫലം ചെയ്യുമെന്ന്‌ റഷ്യൻ സ്ഥാനപതി വാസ്സിലി നെബെൻസിയ പറഞ്ഞു. പ്രമേയം ഗ്ലാസ്‌ഗോ ഉച്ചകോടിയിലുണ്ടായ സമവായം അട്ടിമറിക്കുമെന്ന്‌ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ്‌ തിരുമൂർത്തി പറഞ്ഞു.

 

Top