India-pak conference participate Aryadan Shoukath and V.D Satheesan

കൊച്ചി: പാക്കിസ്ഥാന്‍ ജനപ്രതിനിധികളുമായുള്ള ചര്‍ച്ചക്കുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ വി.ഡി സതീശന്‍ എം.എല്‍.എയും മുന്‍ നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തും.

12ന് ദുബായി ദെയ്‌റ സിറ്റി സെന്ററിലാണ് ചര്‍ച്ച. ന്യൂഡല്‍ഹി ആസ്ഥാനമായ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് (സി.എസ്.ഡി.എസ്) ഇസ്ലാമാബാദ് ആസ്ഥാനമായ പാക്കിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലെജിസ്ലേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റ് ആന്റ് ട്രാന്‍സ്‌പെരന്‍സി (പില്‍ഡാറ്റ്) എന്നിവ ചേര്‍ന്നാണ് ചര്‍ച്ച ഒരുക്കുന്നത്.

തദ്ദേശഭരണ സംവിധാനം ശക്തിപ്പെടുത്തല്‍, ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നല്ല ഭരണം, ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവ സംബന്ധിച്ച ചര്‍ച്ചയും അനുഭവങ്ങള്‍ പങ്കുവെക്കലും ഉണ്ടാകും.

മുന്‍ കേന്ദ്ര മന്ത്രിയും രാജ്യസഭാംഗവുമായ മണിശങ്കര്‍ അയ്യരുടെ നേതൃത്വത്തില്‍ 16 പേരാണ് ഇന്ത്യന്‍ പ്രതിനിധി സംഘത്തിലുളളത്. മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍സിങ് ഹൂഡ, കര്‍ണാടക മന്ത്രി ശരണ്‍ പ്രസാദ് പാട്ടീല്‍, ഒഡീഷ എം.പി എ.വി സാമി, രാജസ്ഥാനില്‍നിന്നുള്ള എം.എല്‍.എ മഹീന്ദര്‍സിങ് മാല്‍വിയ, ബംഗാള്‍ എം.എല്‍.എ സുഖ്‌വിലാസ് വര്‍മ്മ, വിദഗ്ദ്ധന്‍മാരായ നന്ദന റെഡ്ഡി, ജോര്‍ജ് മാത്യു അടക്കമുള്ള പ്രമുഖരാണ് സംഘത്തിലുള്ളത്.

പാക്കിസ്ഥാനില്‍ നിന്ന് മന്ത്രിമാരും പാര്‍ലമെന്റിലെയും, പ്രാദേശിക അസംബ്ലിയിലെയും അംഗങ്ങള്‍ പഞ്ചാബ്, സിന്ധ്, ബലൂചിസ്ഥാന്‍, ഖൈബര്‍ പ്രവിശ്യകളിലെ പ്രതിനിധികള്‍ ബ്യൂറോ ക്രാറ്റുകള്‍ എന്നിവരും പങ്കെടുക്കും.

ജനകീയ വിഷയങ്ങളില്‍ നേരിട്ട് ഇടപെട്ടും നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ഡലത്തിനകത്തും പുറത്തും നേതൃത്വം നല്‍കിയതും പരിഗണിച്ചാണ് വി.ഡി സതീശനെ മന്ത്രിമാരും എം.പിമാരും എം.എല്‍.എമാരുമടങ്ങുന്ന ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.

രാജ്യത്തിനു തന്നെ മാതൃകയായ വികസന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയതാണ് ആര്യാടന്‍ ഷൗക്കത്തിന് നേട്ടമായത്.

നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയര്‍മാനുമെന്ന നിലയില്‍ എല്ലാവര്‍ക്കും നാലാം ക്ലാസ് അടിസ്ഥാനവിദ്യാഭ്യാസമുള്ള ഇന്ത്യയിലെ ആദ്യ ഗ്രാമമായി നിലമ്പൂരിനെ മാറ്റിയ ജ്യോതിര്‍ഗമയ പദ്ധതി, 35 വയസുവരെയുള്ള എല്ലാവര്‍ക്കും പത്താംക്ലാസ്, നഗരസഭയിലെ മുഴുവന്‍ ജനങ്ങളുടെയും ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്ന സൗഖ്യം സമഗ്ര ആരോഗ്യ പദ്ധതി, സദ്ഗമയ സമഗ്രവിദ്യാഭ്യാസ പദ്ധതി എന്നിവ പരിഗണിച്ചായിരുന്നു തെരഞ്ഞെടുപ്പ്.

പഞ്ചായത്തീരാജ് സംവിധാനം ശക്തിപ്പെടുത്താനും പ്രാദേശിക ഭരണകൂടങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും രൂപീകരിച്ച എ.ഐ.സി.സിയുടെ കീഴിലുള്ള പ്രത്യേക സെല്ലായ രാജീവ്ഗാന്ധി പഞ്ചായത്തീരാജ് സംഘ്ധന്റെ ദേശീയ കണ്‍വീനര്‍കൂടിയാണ് ആര്യാടന്‍ ഷൗക്കത്ത്.

Top