ഡല്‍ഹി : ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരം വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.ദുബൈയില്‍ മത്സരം നടത്താമെന്ന ബി.സി.സി.ഐ യുടെ നിര്‍ദേശം ആഭ്യന്തര മന്ത്രാലയം തള്ളി.
അതിര്‍ത്തിയില്‍ പാകിസ്താന്റെ നേതൃത്വത്തില്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ചാണ് ഇന്ത്യ പാകിസ്താനുമായുള്ള ക്രിക്കറ്റ് ബന്ധം ഉപേക്ഷിച്ചത്. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായി ക്രിക്കറ്റ് മത്സരത്തിനില്ലെന്ന് നേരത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നതാണ്. സൈനികരുടെ ജീവനേക്കാള്‍ ക്രിക്കറ്റിന് പ്രാധാന്യം നല്‍കുന്നില്ലെന്നായിരുന്നു ബിസിസിഐയുടെ അഭിപ്രായം.
ഈ വര്‍ഷം പാക്കിസ്താനുമായി ക്രിക്കറ്റ് മല്‍സരം ഷെഡ്യൂള്‍ ചെയ്തിട്ടില്ല. ഇനി ഷെഡ്യൂള്‍ ചെയ്താലും മല്‍സരത്തിന് ഇന്ത്യ തയാറല്ലെന്നും പാകിസ്താന്റെ ഭീകരമുഖം ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു.
2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം നിര്‍ത്തിവച്ച ഇന്ത്യപാക് പരമ്പര പുനരാരംഭിക്കാന്‍ പലതവണ ശ്രമങ്ങള്‍ നടന്നെങ്കിലും ഫലം കണ്ടില്ല. അതിനിടെ, വീണ്ടും ആക്രമണങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. നിലവില്‍ ദുബായില്‍ ആണ് പാകിസ്താന്റെ ഹോം മല്‍സരങ്ങള്‍ നടക്കുന്നത്.
200708 കാലത്താണ് ഇന്ത്യ പാകിസ്താനുമായി അവസാനമായി ടെസ്റ്റ് മല്‍സരം കളിച്ചത്. 201213 കാലത്ത് ഏകദിനവും. 2016ല്‍ ട്വന്റി20 ലോകകപ്പിലാണ് ഇരുടീമും അവസാനമായി ഏറ്റുമുട്ടിയത്.