ശ്രീനഗര്‍ : കര്‍താര്‍പുര്‍ ഇടനാഴി യാഥാര്‍ത്ഥ്യമാക്കുന്നത് സംബന്ധിച്ചുള്ള ഇന്ത്യ-പാകിസ്ഥാന്‍ ചര്‍ച്ച ഇന്ന് നടക്കും. വാഗാ അതിര്‍ത്തിക്കടുത്ത് ഇന്ത്യയിലെ അട്ടാരിയിലാണ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുക.
ഗുരുനാനക് അവസാന കാലം ചെലവഴിച്ച പാകിസ്ഥാനിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലേക്ക് ഇടനാഴി നിര്‍മ്മിക്കാന്‍ പാകിസ്ഥാന്‍ സമ്മതം അറിയിച്ചിരുന്നു. ഇന്ത്യയിലെ ഗുര്‍ദാസ്പുരയിലുള്ള ബാബാ നായിക് ദേരയും പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയിലുള്ള കര്‍താര്‍പുര്‍ സാഹിബ് സരോവര്‍ ഗുരുദ്വാരയും ബന്ധിപ്പിക്കുന്ന ഈ ഇടനാഴി യാഥാര്‍ത്ഥ്യമാകുന്നതോടെ സിക്ക് ഗുരുദ്വാരകളിലേക്ക് വിസയില്ലാതെ തീര്‍ഥാടകര്‍ക്ക് എത്താന്‍ സാധിക്കും .
ഇന്ത്യയില്‍ നിന്നുള്ള നിരവധി സിഖ് തീര്‍ത്ഥാടകരുടെ ആവശ്യമാണ് കര്‍താര്‍പൂര്‍ ഇടനാഴിയുടെ പൂര്‍ത്തീകരണം.
പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ നിന്നും പാകിസ്താനിലെ പ്രശസ്തമായ കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാരയിലേക്ക് പാത പണിയണമെന്ന് സിഖ് വിശ്വാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. ഗുരുനാനാക്ക് 18 വര്‍ഷത്തോളം ചിലവഴിച്ചെന്ന് കരുതപ്പെടുന്ന സ്ഥലമാണ് പാക് പഞ്ചാബ് പ്രവിശ്യയിലെ ലാഹോറില്‍ നിന്ന് 120 കിലോമീറ്റര്‍ ദൂരത്തായി സ്ഥിതി ചെയ്യുന്ന ഈ ഗുരുദ്വാര.
അമൃത്സറിലെ സുവര്‍ണ ക്ഷേത്രം കഴിഞ്ഞാല്‍ ഇന്ത്യയിലെ രണ്ടരക്കോടിയോളം വരുന്ന സിഖുമതവിശ്വാസികളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാര.