ന്യൂഡല്‍ഹി: ജയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനും നേരിട്ടുള്ള കൂടിയാലോചനയിലൂടെ പരിഹരിക്കണമെന്ന് ചൈന.
മസൂദ് അസ്ഹറിനെ യുഎന്‍ രാജ്യാന്തര ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ യുഎന്നില്‍ നടത്തിയ നീക്കങ്ങള്‍ക്കു തടയിട്ടതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം.
മസൂദ് അസ്ഹറുമായി ബന്ധപ്പെട്ടുള്ള എല്ലാ ചര്‍ച്ചകളെയും ഞങ്ങള്‍ സ്വാഗതം ചെയ്യും. നേരിട്ടുള്ള ആശയവിനിമയത്തിലൂടെയും ഗൗരവമായ കൂടിയാലോചനങ്ങളിലൂടെയും വേണം പ്രശ്‌നം പരിഹരിക്കാനെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ പ്രതിനിധി അറിയിച്ചു.
ഈ പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ കഴിയുമെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്. പാക്ക് സര്‍ക്കാരുമായി കൃത്യമായ ഇടപെടല്‍ നടത്തുന്നുണ്ടെന്നും ചൈന പ്രതികരിച്ചു.
പഠാന്‍കോട്ട് ഭീകരാക്രമണക്കേസിന്റെ മുഖ്യ സൂത്രധാരനെന്നു കരുതപ്പെടുന്ന ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ യുഎന്‍ രാജ്യാന്തര ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ഇന്ത്യയുടെ താല്‍പര്യം.
ഭീകരസംഘടന എന്ന നിലയിലും ആഗോള ഭീകരസംഘടനയായ അല്‍ ഖായിദയുമായുള്ള ബന്ധത്തിന്റെ പേരിലും ജയ്‌ഷെ മുഹമ്മദിനെ 2001ല്‍ തന്നെ യുഎന്‍ രക്ഷാസമിതി ഉപരോധപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ജയ്ഷെ മുഹമ്മദ് തലവനെയും യുഎന്‍ രാജ്യാന്തര ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം.
എന്നാല്‍ ചൈന ഇതിനെ എതിര്‍ത്തു. അസ്ഹറിനെ 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ യുഎന്നില്‍ ആവശ്യപ്പെട്ടപ്പോഴും ചൈന എതിര്‍ത്തിരുന്നു.
അസ്ഹറിനെതിരെ നടപടിക്കു മതിയായ കാരണങ്ങളില്ലെന്നാണ് ഇത്തവണ ചൈന വ്യക്തമാക്കിയത്. എന്നാല്‍ എതിര്‍പ്പിനെതിരെ നയതന്ത്രതലത്തില്‍ ഇന്ത്യ നിലപാടറിയിച്ചപ്പോള്‍ എതിര്‍ക്കുകയല്ല, കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെടുകയാണു തങ്ങള്‍ ചെയ്തതെന്നു ചൈന വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ത്രിരാഷ്ട്ര വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന്റെ ഇടവേളയില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ലിയുടെ ശ്രദ്ധയില്‍ ഇക്കാര്യങ്ങളെല്ലാം സുഷമ കൊണ്ടുവന്നിരുന്നു.
ഇക്കഴിഞ്ഞ ജനുവരി രണ്ടിനു നടന്ന പഠാന്‍കോട്ട് ആക്രമണത്തില്‍ ഏഴു സൈനികരും നാലു ഭീകരരുമാണു കൊല്ലപ്പെട്ടത്.