ജമ്മു : ഉറിയിലെ ഭീകര ആക്രമണത്തിനുശേഷം ഇപ്പോള്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തുന്നതും തുടര്‍ന്ന് ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നതുമായ വാര്‍ത്തകളാണ് പുറത്തുവരുന്നതെങ്കിലും ശരിക്കും ഒരു യുദ്ധ സ്വഭാവമുള്ള ഏറ്റുമുട്ടലാണ് അതിര്‍ത്തിയില്‍ നടക്കുന്നത്.
ഭീകരരെ മുന്‍നിര്‍ത്തി പാക്‌സേന നടത്തുന്ന നുഴഞ്ഞുകയറ്റത്തെയും വെടവയ്പ്പിനെയും നേരിടുന്ന ഇന്ത്യന്‍ സൈനികര്‍ കനത്ത നാശമാണ് പാക്കിസ്ഥാന് ഇതിനകം വരുത്തിയിരിക്കുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഏഴുപേരും ഇപ്പോള്‍ മൂന്നുപേരുമാണ് കൊല്ലപ്പെട്ട പാക് സൈനികരെന്നാണ് പുറത്തുവിട്ട വിവരം.
എന്നാല്‍ ഇതിന്റെ എത്രയോ ഇരട്ടിയിലധികം പാക് ഭടന്‍മാര്‍ കൊല്ലപ്പെട്ടതായും കനത്ത നാശം പാക് സൈന്യത്തിനും ഭീകരര്‍ക്കും ഇന്ത്യന്‍ സൈന്യം വരുത്തിയതായുമാണ് വിലയിരുത്തപ്പെടുന്നത്.
കനത്ത ആള്‍നാശവും നാശനഷ്ടവും പുറംലോകം അറിഞ്ഞാല്‍ അത് രാജ്യത്തിന് നാണക്കേടാവുമെന്നതിനാലും സൈനികരുടെ ആത്മവീര്യം ചോരുമെന്നതിനാലുമാണ് പാക്കിസ്ഥാന്‍ ശരിയായ വിവരം പുറത്ത് വിടാത്തതത്രേ.
മാത്രമല്ല അതിര്‍ത്തിയിലെ ഭീകര ക്യാംമ്പുകള്‍ ആക്രമിച്ച ഇന്ത്യന്‍ നടപടിക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെയും അമേരിക്ക, റഷ്യ അടക്കമുള്ള വന്‍ ശക്തികളുടെയും പിന്‍തുണ ലഭിച്ച സ്ഥിതിക്ക് ഇന്ത്യന്‍ തിരിച്ചടി ‘ആയുധ’ മാക്കിയിട്ട് വലിയ കാര്യമൊന്നുമില്ലെന്നാണ് പാക് ഭരണകൂടം കരുതുന്നത്.
കാശ്മീര്‍ അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം പാക് പ്രകോപനത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിക്ക് ഏറ്റവും ഒടുവില്‍ മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടതായും ആറ് പാക് സൈനിക പോസ്റ്റുകള്‍ക്ക് കനത്ത നാശമുണ്ടായതുമായാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നൗഷേറ സെക്ടറില്‍ ഇന്നലെ രാത്രി പത്തോടെ ആയിരുന്നു ഒടുവിലത്തെ ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഇപ്പോഴും ഏറ്റുമുട്ടല്‍ പല ഭാഗത്തും തുടരുകയാണ്.
കഴിഞ്ഞ 20 മണിക്കൂറിലേറെയായി രാജ്യാന്തര അതിര്‍ത്തിയോടും നിയന്ത്രണ രേഖയോടും ചേര്‍ന്ന ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്ക് നേരെ പാക് സൈന്യം ഇടതടവില്ലാതെ വെടിവയ്പ്പും ഷെല്ലാക്രമണവും തുടരുകയാണ്.
ആര്‍.എസ്.പുര, നൗഷേറ മേഖലകളിലാണ് പ്രധാനമായും ആക്രമണം. ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയ ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടിയാണ് പാക് സൈന്യത്തിന് നല്‍കിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യന്‍ ആക്രമണത്തില്‍ അടിപതറിയ പാകിസ്താന്‍ ഇസ്ലാമബാദിലെ ഇന്ത്യന്‍ ഡെപ്യൂട്ടി കമ്മീഷ്ണറെ വിളിച്ചു വരുത്തി പ്രതിഷേധിക്കുകയുണ്ടായി.
കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യാന്തര അതിര്‍ത്തിയിലെ 25 ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികരും, ബാലനും കൊല്ലപ്പെട്ടതാണ് സൈന്യത്തെ പ്രകോപിപിച്ചത്.ഇതിന് നല്‍കിയ തിരിച്ചടിയില്‍ വന്‍ നാശനഷ്ടമാണ് പാക് സൈന്യത്തിന് ഉണ്ടായത്.
അതിര്‍ത്തിയില്‍ പാക് സൈനിക വിന്യാസം വര്‍ദ്ധിപ്പിച്ചത് കണക്കിലെടുത്ത് ഇന്ത്യയും സര്‍വ്വ സന്നാഹമൊരുക്കിയിട്ടുണ്ട്.
പാക് അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ മിന്നല്‍ ആക്രമണത്തിന് പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫ് വിരമിക്കുന്നതിന് മുന്‍പ് പാക് സൈന്യം തിരിച്ചടിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇന്ത്യ കരുതുന്നത്.
അതുകൊണ്ട് തന്നെ ഇപ്പോള്‍ ഉണ്ടാകുന്ന പ്രകോപനങ്ങളെ ഗൗരമായി കണ്ട് കനത്ത തിരിച്ചടി നല്‍കുക എന്ന പ്രതിരോധ തന്ത്രമാണ് സൈന്യം സ്വീകരിച്ചിരിക്കുന്നത്.
ഉറി ആക്രമണത്തില്‍ ഇന്ത്യ നല്‍കിയ തിരിച്ചടിക്ക് ശേഷം ശാന്തമായ ഒരു ദിവസംപോലും അതിര്‍ത്തിയിലുണ്ടായിട്ടില്ല.
നിരന്തരമായ വെടിവയ്പ് തുറന്ന യുദ്ധത്തിലേക്ക് കലാശിക്കുമോ എന്ന ആശങ്ക ലോക രാഷ്ട്രങ്ങള്‍ക്കിടയിലും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ 41 വെടിനിര്‍ത്തല്‍ ലംഘനമാണ് ഔദ്ദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഇന്ത്യന്‍ കമാന്റോകള്‍ പാക് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 50ല്‍ താഴെ ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇന്ത്യപോലും വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ ഈ ആക്രമണത്തില്‍ നൂറിലധികം ഭീകരരും നിരവധി പാക് സൈനികരും കൊല്ലപ്പെട്ടതായാണ് അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയുടെ കണ്ടെത്തല്‍.
ഇന്ത്യ നല്‍കിയ ഈ പ്രഹരം തന്നെയാണ് അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കാന്‍ പാക് സൈന്യത്തെ പ്രേരിപ്പിക്കുന്നതെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍.