ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഉടന്‍ യുദ്ധം നടക്കാന്‍ സാധ്യത: പാക്ക് മന്ത്രി

ന്യൂഡല്‍ഹി: ഒക്ടോബറിലോ അതിനടുത്ത മാസങ്ങളിലോ ഇന്ത്യയുമായി യുദ്ധം നടക്കാന്‍ സാധ്യതയുണ്ടെന്ന് പാക്ക് റെയില്‍വേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദ്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ എടുത്തുകളഞ്ഞശേഷം പാക്കിസ്ഥാന്‍ തുടര്‍ച്ചയായി നടത്തുന്ന പ്രകോപനങ്ങള്‍ക്ക് പിന്നാലെയാണ് റെയില്‍വേ മന്ത്രിയുടെ പ്രസ്താവന.


ഉടന്‍ തന്നെ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ പൂര്‍ണതോതിലുള്ള യുദ്ധം ഉണ്ടാകും എന്നാണ് പാക്കിസ്ഥാന്‍ റെയില്‍വേമന്ത്രി പ്രസ്താവന നടത്തിയത്. പാക്ക് മാധ്യമങ്ങളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം ഇന്ന് കറാച്ചി വഴിയുള്ള മൂന്ന് അന്താരാഷ്ട്ര പാതകള്‍ പാക്കിസ്ഥാന്‍ താത്കാലികമായി അടച്ചു. ആഗസ്റ്റ് 31 വരെയാണ് അന്താരാഷ്ട്ര പാതകള്‍ അടച്ചിരിക്കുന്നത്. പാക്ക് ഏവിയേഷന്‍ അതോറിറ്റിയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.

ഇന്ത്യയിലേക്കുള്ള വ്യോമപാത പൂര്‍ണമായി അടക്കുമെന്ന് പാക്ക് മന്ത്രി ഫഹദ് ഹുസൈന്‍ ഇന്നലെയാണ് ഭീഷണി മുഴക്കിയത്. പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും ഫഹദ് ഹുസൈന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.

പാക്ക് വഴി അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ വ്യാപാര പാത അടക്കുന്ന കാര്യത്തെക്കുറിച്ച് പാക്ക് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച നടന്നുവെന്നും ഇക്കാര്യത്തില്‍ നിയമപരമായ കാര്യങ്ങള്‍ കൂടി പരിഗണിച്ച് തീരുമാനമെടുക്കുമെന്നും പാക്ക് മന്ത്രി വ്യക്തമാക്കിയിരുന്നു.

Top