India-Pakistan War?Tensions Along South Asian Neighbors

ന്യൂഡല്‍ഹി : ഉറിയിലെ ഭീകരാക്രമണത്തിന് പാക്കിസ്ഥാനില്‍ കടന്ന് കയറി ആക്രമിച്ച ഇന്ത്യ ഏത് തിരിച്ചടിയേയും പ്രതിരോധിക്കാനും സന്നാഹമൊരുക്കുന്നു.

പാക് അതിര്‍ത്തി പ്രദേശങ്ങളില്‍ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ജനങ്ങളെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. അടിയന്തിര സര്‍വ്വകക്ഷി യോഗം വിളിച്ച കേന്ദ്രസര്‍ക്കാര്‍ ഏത് സാഹചര്യത്തെയും നേരിടാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍തുണ അഭ്യര്‍ത്ഥിച്ചു.

ബോംബര്‍ വിമാനങ്ങള്‍, മിസൈലുകള്‍, ടാങ്കുകള്‍ തുടങ്ങി എല്ലാവിധ സജ്ജീകരണത്തോടുകൂടി ഒരുങ്ങിയിരിക്കുകയാണ് സൈന്യം. സൈനികരുടെ അവധിയെല്ലാം റദ്ദാക്കി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാര്യങ്ങള്‍ യുദ്ധത്തിലേക്കാണ് നീങ്ങുന്നതെങ്കില്‍ ആവശ്യമെങ്കില്‍ വിമുക്ത ഭടന്‍മാരുടെയും സേവനവും പ്രയോജനപ്പെടുത്തിയേക്കും.
untitled-1
സൈന്യത്തിന്റെ നിര്‍ദ്ദേശപ്രകാരം മാത്രം നിലപാടെടുക്കുന്ന പാക് ഭരണകൂടത്തിന് പ്രത്യേകിച്ച് ഒരു റോളുമില്ലാത്തതിനാല്‍ കടന്നാക്രമണത്തിന് പാക്കിസ്ഥാന്‍ തയ്യാറാകുമെന്ന് തന്നെയാണ് ഇന്ത്യ കരുതുന്നത്.

ഭീകരരെ ഉപയോഗിച്ച് രാജ്യത്ത് സ്‌ഫോടനങ്ങള്‍ നടത്താനും പാക് സൈന്യം നീക്കം നടത്തുമെന്നതിനാല്‍ അതീവ ജാഗ്രത നിര്‍ദ്ദേശമാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്.

പ്രത്യേകിച്ച് അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ബി.എസ്.എഫിന് പുറമെയാണീ സേനാ വിന്യാസം.

പടക്കപ്പലുകള്‍ക്കും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കടലില്‍ നേവിയുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
pakistan
വ്യോമസേനയുടെയും കരസേനയുടെയും നാവിക സേനകളുടെയും വ്യത്യസ്ത യോഗങ്ങള്‍ നിരവധി തവണയാണ് അധികൃതര്‍ ഇതിനകംതന്നെ വിളിച്ച് ചേര്‍ത്തിരിക്കുന്നത്. ആക്രമണമുണ്ടായാല്‍ പാക്കിസ്ഥാനില്‍ നടത്തേണ്ട ആക്രമണങ്ങളെ സംബന്ധിച്ച് സേനാവിഭാഗങ്ങള്‍ക്ക് വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

യുദ്ധം അനിവാര്യമായാല്‍ പിന്നെ പാക്ക് അധീന കാശ്മീര്‍ പിടിച്ചെടുക്കുകയും ബലൂചിസ്ഥാനെ സ്വതന്ത്ര്യമാക്കുകയുമാണ് ഇന്ത്യയുടെ ലക്ഷ്യം.

അയല്‍ രാജ്യങ്ങളായ അഫ്ഗാനിസ്ഥാനോടും ബംഗ്ലാദേശിനോടും ജാഗ്രത പാലിക്കാനും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളിലെ പാക് അതിര്‍ത്തികളില്‍ സമ്മര്‍ദ്ദമുണ്ടാക്കുകയാണ് തന്ത്രം.
india -pak
ഒരേ സമയം ഇന്ത്യയോടും മറ്റ് അതിര്‍ത്തി പ്രദേശങ്ങളിലും പാക്കിസ്ഥാന് ശ്രദ്ധ ചെലുത്തേണ്ടിവരുന്നത് പാക്ക് സൈന്യത്തെ സംബന്ധിച്ച് ശ്രമകരമായ ജോലിയാണ്.

നിലവിലെ സംഘര്‍ഷാന്തരീക്ഷത്തില്‍ മുതലെടുപ്പ് നടത്താന്‍ വിവിധ ഭീകര സംഘടനകള്‍ പദ്ധതികള്‍ തയ്യാറാക്കിയതായും ഇന്ത്യക്ക് വിവരം ലഭിച്ചിട്ടുണ്ട്. പാക് ചാര സംഘടനയായ ഐ.എസ്.ഐ യുടെ നിര്‍ദ്ദേശപ്രകാരമാണ് ഭീകരരുടെ നീക്കങ്ങള്‍.

എന്നാല്‍ ഏത് വിധ ആക്രമണങ്ങളെയും തകര്‍ത്ത് തരിപ്പണമാക്കാനുള്ള ശേഷി ഇന്ത്യക്കുള്ളതിനാല്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നാണ് സൈന്യം വ്യക്തമാക്കുന്നത്.

അതേസമയം കാര്യങ്ങള്‍ ഇന്ത്യ-പാക്ക് യുദ്ധത്തിലേക്ക് നീങ്ങിയാല്‍ അത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നതിനാല്‍ ലോകരാഷ്ട്രങ്ങളും ആശങ്കയിലാണ്.

Top