ചബഹറിലെ ഇന്ത്യന്‍ സാന്നിധ്യം; ഇറാനെ വിട്ട് സൗദിയ്ക്ക് കൈകൊടുത്ത് പാക്കിസ്ഥാന്‍

പാക്കിസ്ഥാന്‍- ഇറാന്‍ ബന്ധത്തില്‍ നിര്‍ണ്ണായകമായ വഴിത്തിരിവാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എപ്പോഴും ഒരുമിച്ച് നില്‍ക്കാന്‍ ശ്രമിച്ചിരുന്ന ഇരു ശക്തികളും എതിര്‍ദിശയില്‍ സഞ്ചരിക്കുന്നു എന്നതാണ് അന്താരാഷ്ട്ര രംഗത്തെ പ്രധാനപ്പെട്ട ഒരു ചര്‍ച്ച. ചബഹാറിലെ ഇന്ത്യന്‍ സാന്നിധ്യവും പാക്കിസ്ഥാനിലെ സൗദി അറേബ്യന്‍ സാന്നിധ്യവുമാണ് ഇതിന്റെ പ്രധാന കാരണം.

ക്രിസ്തുമസിന്റെ തലേദിവസം, ചബഹാര്‍ തുറമുഖത്തിലെ വിവധ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ ഔദ്യോഗികമായി ഏറ്റെടുത്തു. ഇന്ത്യ പോര്‍ട്ട്‌സ് ഗ്ലോബല്‍ കമ്പനി, ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് ട്രസ്റ്റ്, ദീന്‍ദയാല്‍ പോര്‍ട്ട് ട്രസ്റ്റ് സംയുക്ത പദ്ധതി എന്നിവര്‍ ചബഹാറിലെ ഷഹീദ് ബിഹിസ്തി തുറമുഖത്ത് സ്വന്തം ഓഫീസിന്റെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് അഫ്ഗാനിലേയ്ക്ക് എത്തിച്ചേരാനുള്ള വഴിയാണ് ചബഹാര്‍.

2017ല്‍ അഫ്ഗാന്‍ വരണ്ടുണങ്ങിയപ്പോള്‍ 1.1 മില്ല്യണ്‍ ടണ്‍ ഗോതമ്പ് ചബഹാറിലൂടെയാണ് ഇന്ത്യ എത്തിച്ചത്. 2016ല്‍ ഒപ്പുവച്ച ചബഹാര്‍ ഉടമ്പടി പ്രാവര്‍ത്തികമാക്കാനുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനായി ഇന്ത്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയത്. വാണിജ്യ രംഗത്ത് വലിയ സാധ്യതകള്‍ തുറന്നിടുന്നതാണ് ഈ കരാര്‍.

അമേരിക്കന്‍ നടപടികള്‍ നേരിടുന്ന സാഹചര്യത്തില്‍ ഇറാനെ സംബന്ധിച്ച് ഈ കരാര്‍ ആശ്വാസകരമാണ്. ചബഹാര്‍ തുറമുഖം അഫ്ഗാനിസ്ഥാനെ സംബന്ധിച്ചും ഉന്നതങ്ങളിലേക്കുള്ള മാര്‍ഗ്ഗമാണ്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് തുറമുഖം നല്‍കുന്ന സംഭാവന വളരെ വലുതാണ്.

ഇറാനെ സംബന്ധിച്ച് ഇന്ത്യയുടെ പിന്തുണ ഇന്ന് അത്യന്താപേഷിതമാണ്. അമേരിക്കന്‍ ഉപരോധങ്ങളെ ഇറാന്‍ ചെറുക്കുന്നത് ഇന്ത്യന്‍ കൂട്ടുകെട്ടിന്റെ ബലത്തിലാണ്. അമേരിക്കയുടെ മുന്നറിയിപ്പുകളെല്ലാം കാറ്റില്‍ പറത്തിയാണ് ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം വളരെ ആഴത്തിലുള്ളത് തന്നെയാണ്. പ്രിഫറന്‍ഷ്യല്‍ ട്രെയ്ഡ് എഗ്രിമെന്റിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ-ഇറാന്‍ വാണിജ്യം. വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കുറച്ചു കൊണ്ടുള്ള സൗഹൃദപരമായ തീരുമാനങ്ങളാണ് ഈ ഉടമ്പടിയിലുള്ളത്.

പാക്കിസ്ഥാന്റെ കാര്യമെടുത്താല്‍, സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമായതിനെത്തുടര്‍ന്ന് രാജ്യം സൗദി അറേബ്യയെയാണ് ആശ്രയമായി കാണുന്നത്. ഒരിക്കല്‍ കൂടി രാജ്യത്തെ ദാരിദ്രം ഇല്ലാതാക്കാന്‍ സൗദിയോട് സഹായമഭ്യര്‍ത്ഥിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ജമാല്‍ ഖഷോഗിയുടെ മരണത്തില്‍ പോലും പാക്കിസ്ഥാന് മിണ്ടാന്‍ പറ്റാത്ത അത്ര സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഗ്വാദാറിലെ റിഫൈനറിയിലേയ്ക്ക് 10 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് റിയാദ് നടത്തുന്നത്. അതിന് പിന്നിലെ കാരണം സ്ഥലത്തെ ഇറാനിയന്‍ സാന്നിധ്യം തന്നെയാണ്. ഇറാനെ പുകച്ചു പുറത്തു ചാടിക്കാനുള്ള അറേബ്യന്‍ തന്ത്രത്തിന്റെ വ്യക്തമായി സൂചനയാണിത്.

പാക്കിസ്ഥാനും ഇറാനും തങ്ങളുടെ ബന്ധം മെച്ചപ്പെടുത്താന്‍ ചില ശ്രമങ്ങള്‍ ഇപ്പോഴും നടത്തുന്നുണ്ട്. പാക്കിസ്ഥാന്റെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ ജനറല്‍ ഖമര്‍ ജാവേദ് ബജ്വ 2017 ഓക്ടോബറില്‍ തെഹറൈന്‍ സന്ദര്‍ശിച്ചത് വലിയ വാര്‍ത്തയായിരുന്നു. 20 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു നീക്കം പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. മിസൈല്‍ സാങ്കേതിക രംഗത്തെ സഹകരണത്തിനൊപ്പം ഗ്വാദാറിലെ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയിലും പാക്കിസ്ഥാന്‍ താല്‍പര്യം കാണിച്ചു.

ഇറാന്‍ മന്ത്രി മുഹമ്മദ് ജാവദ് സരിഫിന്റെ സന്ദര്‍ശനവും മികച്ച ചുവടുവയ്പ്പുകളായിരുന്നു. സൗദിയോടും ഇറാനോടും വളരെ നയതന്ത്രപരമായ സമീപനമാണ് പാക്കിസ്ഥാന്‍ കാണിക്കുന്നത്.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സൗദി അറേബ്യയുമായുള്ള ബന്ധത്തില്‍ വലിയ വളര്‍ച്ച ഉണ്ടായിട്ടുണ്ട് എന്ന് പറയാതെ വയ്യ. സൗദി രാജാവിന്റെ ഇന്ത്യാ സന്ദര്‍ശനം ഇതില്‍ വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍, പാക്കിസ്ഥാനും സൗദിയും തമ്മില്‍ തുടങ്ങിയിരിക്കുന്ന പുതിയ ബന്ധം മോദിയുടെ നേട്ടത്തെ അപ്രസക്തമാക്കിയേക്കാം എന്നാണ് വിലയിരുത്തലുകള്‍.

അതായത് പാക്കിസ്ഥാന്‍ സൗദിയുമായി അടുക്കുന്തോറും ഇന്ത്യ ഇറാനോട് അകലം കുറയ്ക്കുന്നത് പുതിയ അന്താരാഷ്ട്ര സമവാക്യങ്ങള്‍ക്ക് കാരണമാകുന്നുണ്ട് എന്ന് ചുരുക്കം.

റിപ്പോര്‍ട്ട് എ.ടി അശ്വതി

Top