ന്യൂഡൽഹി: ഏത് പ്രതിസന്ധിയെയും അതിജീവിച്ച് ചൈനക്ക് കനത്ത പ്രഹരം ഏൽപ്പിക്കാൻ ഇന്ത്യൻ സേനയുടെ മുൻകരുതൽ.
ചൈനീസ് സൈന്യത്തോട് യുദ്ധസജ്ജരായിരിക്കാന്‍ പ്രസിഡന്റ് ഷി ജിന്‍പിങ് പറഞ്ഞതിന് പിന്നാലെയാണ് തുരങ്ക നിര്‍മ്മാണം പദ്ധതിയുമായി ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്.
ഏതു പ്രതികൂല കാലാവസ്ഥയിലും യുദ്ധസാമഗ്രികള്‍ എത്തിക്കുവാനും, സൈനികര്‍ക്ക് യാത്ര ചെയ്യുവാനും പറ്റും വിധത്തിലാണ് തുരങ്കത്തിന്റെ നിര്‍മ്മാണം.
മുമ്പ് ഉത്തരാഖണ്ഡില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ലഡാക്കില്‍ വ്യോമപരിധികള്‍ വികസിപ്പിക്കാനും ഇന്ത്യ പദ്ധതിയിട്ടിരുന്നു. ഇതിന് പുറമെയാണ് ചൈനീസ് അതിര്‍ത്തിയില്‍ 17 തുരങ്ക പാതകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയുടെ പദ്ധതി്.
3,488 കിലോ മീറ്റര്‍ അതിര്‍ത്തിയാണ് ജമ്മു കശ്മീര്‍ മുതല്‍ അരുണാചല്‍ പ്രദേശ് വരെ ഇന്ത്യയും ചൈനയും തമ്മില്‍ പങ്കിടുന്നത്. ഇവിടെ 73 റോഡുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ റോഡുകളും മറ്റ് അനുബന്ധ സാമഗ്രികളും നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്ന മേഖലകളില്‍ സ്ഥലം ഏറ്റെടുക്കല്‍ പ്രശ്നങ്ങളും കാടുകള്‍ ഒഴിപ്പിക്കുന്ന പ്രശ്നങ്ങളും നിലനില്‍ക്കുന്നു. റോഡ് നിര്‍മ്മാണത്തെ അപേക്ഷിച്ച് തുരങ്ക നിര്‍മ്മാണം വഴി ഇത്തരം പ്രശ്നങ്ങള്‍ നേരിടേണ്ടതില്ലെന്നത് ശ്രദ്ധേയമാണ്.
മഞ്ഞ് വീഴ്ച, മണ്ണിടിച്ചില്‍, മഴ തുടങ്ങിയ ഏത് പ്രതികൂല കാലവസ്ഥയിലും സൈനിക നീക്കങ്ങള്‍ക്ക് തുരങ്കങ്ങളാകും ഉപകാരപ്രദമാകുക.
ലഡാക്കില്‍ നിന്നും അരുണാചല്‍ പ്രദേശിലേക്കുള്ള അതിര്‍ത്തിയില്‍, മഞ്ഞ് വീഴ്ചയോ മഴയോ മൂലം വര്‍ഷത്തില്‍ ആറുമാസക്കാലം ഇന്ത്യന്‍ സേനയ്ക്ക് യാത്ര ചെയ്യാനാകില്ല. ലഡാക്കിലെ തന്ത്രപ്രധാനമായ മേഖലയിലാണ് ഈ പ്രശ്നം നിലനില്‍ക്കുന്നതെന്നതും ശ്രദ്ധേയമാണ്. സായുധസേനക്കാര്‍ക്ക് അവരുടെ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ എത്താനും, യുദ്ധോപകരണങ്ങള്‍ അയയ്ക്കാനുമുള്ള ഏക മാര്‍ഗം ഹെലികോപ്റ്ററുകളാണ്.
ജാഗ്രതയേറിയ പ്രദേശങ്ങളില്‍ സുരക്ഷ വിന്യാസം മറ്റ് അധിക ചിലവുകള്‍ എന്നിവയും തുരങ്ക നിര്‍മ്മാണത്തിലൂടെ വെട്ടിചുരുക്കാം. റോഡിനേക്കാള്‍ തുരങ്കത്തിലൂടെ ഉദ്ദേശിക്കുന്ന സ്ഥലത്ത് വേഗത്തില്‍ എത്തിച്ചേരാമെന്നുള്ളതും പദ്ധതിയുടെ പ്രാധാന്യത്തെ വര്‍ധിപ്പിക്കുന്നു.
ഇതു സംബന്ധിച്ച കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ ഈ ആഴ്ച്ച സംഘടിപ്പിക്കുന്ന സെമിനാറില്‍ അവതരിപ്പിക്കും.