വൈറസിനിടെ ഒരു ‘കൈസഹായം’; ചൈനീസ് ഘടകങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്യാന്‍ ഇന്ത്യ!

ചൈന വ്യവസായിക ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ മുടിചൂടാമന്നന്‍മാരാണ്. കുറഞ്ഞ വിലയ്ക്ക് വന്‍തോതില്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് തന്നെയാണ് ലോകത്തിന് ചൈനീസ് വിപണി പ്രിയങ്കരമാക്കുന്നത്. ഇന്ത്യയിലെ വിവിധ വ്യവസായങ്ങള്‍ ചൈനീസ് വിപണിയുടെ ചുവടുപിടിച്ചാണ് വളര്‍ച്ച നേടുന്നത്. ഇതിനിടെ കൊറോണാവൈറസ് പോലൊരു പകര്‍ച്ചവ്യാധി വന്നുചാടിയതോടെ ഈ വ്യവസായങ്ങള്‍ ആശങ്കയിലാണ്.

ഈ പ്രതിസന്ധിക്കിടയില്‍ വളര്‍ച്ച കൈവരിക്കുന്ന ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് മേഖലയെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. ചൈനയില്‍ നിന്നും ഇലക്ട്രോണിക്‌സ് മേഖലയ്ക്ക് ആവശ്യമായ ഘടകങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്യാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. ചൈന പകര്‍ച്ചവ്യാധിയെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ ഈ നീക്കം.

ചൈനയില്‍ നിന്നും എയര്‍ലിഫ്റ്റ് ചെയ്യാന്‍ കഴിയുന്ന ഘടകങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ ഇലക്ട്രോണിക്‌സ്, സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായത്തിലെ ഗ്രൂപ്പുകളോട് ടെക്‌നോളജി മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സുദീര്‍ഘമായ അടച്ചുപൂട്ടലിന് ശേഷം ചൈന പതിയെ ജോലികളിലേക്ക് മടങ്ങിയെത്തുകയാണ്. നിര്‍മ്മാണത്തിലും, ചരക്കുകടത്തിലും തടസ്സങ്ങള്‍ ഇപ്പോഴും ബാക്കിയാണ്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഘടകങ്ങള്‍ അസംബ്ലി ചെയ്യുന്നത് സുപ്രധാനമായ സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ ശോഭിക്കുന്ന മേഖലയാണ്. എന്നാല്‍ ക്യാമറ മൊഡ്യൂളുകള്‍, ഡിസ്‌പ്ലേ സ്‌ക്രീനുകള്‍ തുടങ്ങിയ ഘടകങ്ങള്‍ക്ക് രാജ്യം ആശ്രയിക്കുന്നത് ചൈനയെയാണ്.

കൊറോണാവൈറസ് പ്രതിസന്ധി നിലനില്‍ക്കുമ്പോഴും അടിയന്തര എയര്‍ലിഫ്റ്റ് പദ്ധതി ആലോചിക്കുന്നത് ചൈനയെ എത്രത്തോളം നിര്‍മ്മാതാക്കള്‍ ആശ്രയിക്കുന്നുവെന്നതിന്റെ തെളിവാണ്. മറ്റ് ചില വ്യവസായ രംഗങ്ങളും എയര്‍ലിഫ്റ്റ് വഴി തേടുന്നുണ്ട്.

Top