ഡൽഹി∙ യുക്രെയ്ൻ വിഷയത്തിൽ കേന്ദ്രസർക്കാർ ഇന്ത്യൻ പൗരന്മാരുടെ താൽപര്യങ്ങൾക്കൊപ്പമാണ് നിന്നതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. റഷ്യ – യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യ ഏതു പക്ഷത്താണെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി. പാശ്ചാത്യശക്തികളുടെ വിലക്കു മറികടന്ന് ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെതിരെ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും വിമർശനം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണു ജയശങ്കർ കൃത്യമായ നിലപാട് വ്യക്തമാക്കിയത്.
സമാധാനശ്രമത്തിനു മുൻകൈ എടുക്കുമോ എന്ന ചോദ്യത്തിനു ജയശങ്കർ വ്യക്തമായ ഉത്തരം നൽകിയില്ല. വിഷയത്തിൽ സ്വന്തം നിലപാടുകൾ പങ്കുവയ്ക്കുന്ന രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണെന്ന് അദ്ദേഹം പറഞ്ഞു. സംഘർഷം അവസാനിപ്പിക്കുന്ന കാര്യത്തിൽ ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോകത്തിന്റെ, പ്രത്യേകിച്ച വികസ്വര രാജ്യങ്ങളുടെ ശബ്ദമായി മാറിയിട്ടുണ്ട്. ഭക്ഷ്യ വസ്തുക്കളുടെയും ഇന്ധനത്തിന്റെയും വളത്തിന്റെയും വിലവർധന, ഇന്ധനക്ഷാമം എന്നിവ രൂക്ഷമായ സാഹചര്യത്തിൽ പ്രശ്‌നം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നാണ് ലോകരാജ്യങ്ങൾ ആഗ്രഹിക്കുന്നതെന്നും ജയശങ്കർ പറഞ്ഞു.
ഫെബ്രുവരിയിൽ സംഘർഷം ആരംഭിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പലതവണ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനുമായും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായും വിഷയം സംസാരിച്ചിട്ടുണ്ട്. സൈനിക പരിഹാരം സാധ്യമല്ലെന്നും ഏതു സമാധാന ശ്രമത്തിനും മധ്യസ്ഥരാകാൻ ഇന്ത്യ ഒരുക്കമാണെന്നും ഒക്‌ടോബർ നാലിന് സെലൻസ്‌കിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ മോദി അറിയിച്ചിരുന്നു. സെപ്റ്റംബർ 16ന് ഉസ്‌ബെക്കിസ്ഥാനിൽ പുട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ‘ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന്’ മോദി വ്യക്തമാക്കുകയും ചെയ്തു.
പാക്കിസ്ഥാനെതിരെയും ജയശങ്കർ ശക്തമായി പ്രതികരിച്ചു. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചർച്ചയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭീകരപ്രവർത്തനത്തെ സഹായിക്കാൻ ഏതെങ്കിലും രാജ്യത്തിന് അവകാശമുണ്ടെന്ന കാര്യം അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.