India Post to launch commemorative stamp on Mother Teresa

മുംബൈ: വത്തിക്കാനില്‍ സെപ്റ്റംബര്‍ നാലിന് മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ തപാല്‍ വകുപ്പ് മദറിന്റെ ഓര്‍മയ്ക്കായി സ്റ്റാമ്പ് പുറത്തിറക്കുന്നു.

കേന്ദ്ര വാര്‍ത്താവിനിമയ സഹമന്ത്രി മനോജ് സിന്‍ഹ മുംബൈയിലെ ഡിവൈന്‍ ചൈല്‍ഡ് ഹൈസ്‌കൂള്‍ ഓഡിറ്റേറിയത്തില്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറലിന്റെ (മഹാരാഷ്ട്ര ഗോവ സര്‍ക്കിള്‍ )സാന്നിദ്ധ്യത്തില്‍ സ്റ്റാമ്പ് പുറത്തിറക്കും.

മനുഷ്യരാശിക്കു വേണ്ടി അനുകരണീയമായ സേവനങ്ങള്‍ നടത്തിയിട്ടുള്ള നോബല്‍ സമ്മാന ജേതാവു കൂടിയായ മദറിനോടുള്ള ബഹുമാനവും ആദരവും കൊണ്ടാണ് സ്റ്റാമ്പ് പുറത്തിറക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.

”തപാല്‍ വകുപ്പിന്റെ ഉപദേശക സമിതിയാണ് മദറിനോടുള്ള ആദരവിന്റെ ഭാഗമായി സ്റ്റാമ്പ് പുറത്തിറക്കാന്‍ തീരുമാനിച്ചത്.

സെപ്റ്റംബര്‍ നാല് ഇന്ത്യയെ സംബന്ധിച്ചടുത്തോളം പ്രധാനപ്പെട്ട ദിവസമാണ്. മറ്റു രാജ്യങ്ങളും ശ്രേഷ്ഠയായ ഒരു വനിതയെ ആദരിക്കുന്ന ദിവസം.” തപാല്‍ വകുപ്പ് അധികൃതര്‍ പറയുന്നു.

ചടങ്ങിന്റെ ഔദ്യോഗിക ചിഹ്നമായി മുബയ് സ്വദേശിയായ കരണ്‍ വാസ്‌വാനി രൂപകല്‍പ്പന ചെയ്ത ലോഗായാണ് വത്തിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കൈയിലിരിക്കുന്ന കുഞ്ഞിനെ സ്‌നേഹത്തോടെ നോക്കി നില്‍ക്കുന്ന മദറിന്റെ രൂപമാണ് അതിലുള്ളത്.

Top