ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ സെക്ടറിന്റെ ഭൂപടങ്ങള്‍ പരസ്പരം കൈമാറാന്‍ ചൈനയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്താനുറച്ച് ഇന്ത്യ. സേനാ പിന്മാറ്റം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഭൂപടം കൈമാറാന്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇത്തരത്തില്‍ ഭൂപടം കൈമാറിയാല്‍ ഇരുരാജ്യങ്ങളുടെയും നിയന്ത്രണത്തിലിരിക്കുന്ന പ്രദേശങ്ങള്‍ കൃത്യമായി നിര്‍ണയിക്കാനാവുമെന്നും ഭരണനിര്‍വഹണവും പട്രോളിങ് മാനദണ്ഡങ്ങളും സുഗമമാകുമെന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇത്രയും നാളും അതിര്‍ത്തി ഭൂപടം കൈമാറാന്‍ ചൈന ഒരുക്കമല്ലായിരുന്നു. 22 വട്ടം നയതന്ത്ര ചര്‍ച്ചകള്‍ നടന്നിട്ടും ചൈന വഴങ്ങാന്‍ തയാറായില്ല. സെന്‍ട്രല്‍ സെക്ടറിന്റെ ഭൂപടം മാത്രമാണ് ഇതുവരെ കൈമാറിയത്. പടിഞ്ഞാറന്‍ സെക്ടറിന്റെ ഭൂപടം കൈമാറാന്‍ ചൈന തയാറാകാത്തതില്‍ ഭുരൂഹതയുണ്ടെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ചൈനയുടെ നീക്കത്തിന്റെ ഭാഗമാണിത്.