കേപ്ടൗണ്‍ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമില്‍ രണ്ട് മാറ്റം ഉറപ്പ്; സാധ്യതാ ഇലവന്‍

കേപ്ടൗണ്‍ : ദക്ഷിണാഫ്രിക്കക്കെതിരായ കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യൻ ടീമില്‍ എന്തൊക്കെ മാറ്റമുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ആദ്യ മത്സരത്തില്‍ വിരാട് കോലിയും കെ എല്‍ രാഹുലും ജസ്പ്രീത് ബുമ്രയുമൊഴികെയുള്ളവരെല്ലാം നിരാശപ്പെടുത്തിയ സാഹചര്യത്തില്‍ രണ്ടാം മത്സരത്തില്‍ ടീമില്‍ അഴിച്ചു പണിയുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

ബാറ്റിംഗ് നിരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യുവതാരം യശസ്വി ജയ്സ്വാളും ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും പരാജയപ്പെട്ടെങ്കിലും ഇരുവരും കേപ്ടൗണിലും ഓപ്പണര്‍മാരായി ഇറങ്ങുമെന്നാണ് കരുതുന്നത്. മൂന്നാം നമ്പറില്‍ ശുഭ്മാന്‍ ഗില്ലിന് വീണ്ടുമൊരിക്കല്‍ കൂടി അവസരം ലഭിക്കും. ടെസ്റ്റില്‍ ഫോമിലേക്കുയരാത്ത ഗില്ലിന്റെ അവസാന ചാന്‍സാകും ഇതെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സ്ഥാനം നിലനിര്‍ത്താന്‍ ഗില്ലിന് കഴിയുമോ എന്നും ഈ ടെസ്റ്റോടെ അറിയാനാകും.

നാലാം നമ്പറില്‍ കോലിയും കെ അഞ്ചാമത് ശ്രേയസ് അയ്യരും ആറാമ് കെ എല്‍ രാഹുലും തന്നെ ബാറ്റിംഗിനെത്തു. ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജയാകും ഏഴാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുക എന്നാണ് കരുതുന്നത്. ആദ്യ മത്സരത്തില്‍ കളിച്ച അശ്വിന് പകരമായിരിക്കും ജഡേജ പ്ലേയിംഗ് ഇലവനിലെത്തുക. ആദ്യ മത്സരത്തില്‍ അശ്വിന്‍ ന്നന്നായി പന്തെറിഞ്ഞെങ്കിലും ബാറ്റിംഗില്‍ നിരാശപ്പെടുത്തിയിരുന്നു.

എട്ടാം നമ്പറില്‍ ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം പേസര്‍ മുകേഷ് കുമാറോ ആവേശ് ഖാനോ പ്ലേയിംഗ് ഇലവനിലെത്തും. ആദ്യ മത്സരത്തില്‍ നാലു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പിക്കുമ്പോള്‍ ആദ്യ കളിയില്‍ നിറം മങ്ങിയ പ്രസിദ്ധ് കൃഷ്ണക്ക് ഒരു അവസരം കൂടി ലഭിക്കുമെന്നാണ് കരുതുന്നത്.

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം ഇവരില്‍ നിന്ന്: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, മൊഹമ്മദ്. സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, കെ എസ് ഭരത്, അഭിമന്യു ഈശ്വരൻ, ആവേശ് ഖാൻ.

Top