ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ ജനുവരി അവസാനം വരെ നീട്ടി

ന്യൂഡല്‍ഹി: ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ ജനുവരി 31 വരെ നീട്ടി. ഇതോടെ ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കും തിരിച്ചുമുള്ള നിലവിലെ വിമാന സര്‍വീസുകള്‍ നിലവില്‍ ഉള്ളതു പോലെ തുടരും. തെക്കെ അമേരിക്കന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും കുടുങ്ങിക്കിടക്കുന്ന ഖത്തര്‍ വിസയുള്ള ഇന്ത്യക്കാരെയും കരാറിന്റെ ഭാഗമാക്കി മടക്കയാത്രക്ക് അനുമതി നല്‍കിയിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള വിമാനയാത്രാവിലക്ക് നിലനില്‍ക്കുന്നതിനിടയിലും പ്രത്യേക അനുമതിയുള്ളവര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിനായാണ് ഇന്ത്യയും ഖത്തറും തമ്മില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 18ന് എയര്‍ ബബിള്‍ ധാരണ ഉണ്ടാക്കിയത്. ഈ ഡിസംബര്‍ 31വരെ കാലാവധിയുണ്ടായിരുന്ന കരാര്‍ അടുത്ത വര്‍ഷം ജനുവരി 31വരെ നീട്ടിയതായി ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കരാര്‍ നീട്ടിയതോടെ ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കും തിരിച്ചുമുള്ള നിലവിലെ ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ മുഴുവന്‍ അതേ പടി തുടരാനാകും . കൂടാതെ തെക്കെ അമേരിക്കന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും കുടുങ്ങിക്കിടക്കുന്ന ഖത്തര്‍ വിസയുള്ള ഇന്ത്യക്കാര്‍ക്കും കരാറനുസരിച്ച് ഖത്തറിലേക്ക് തിരിച്ചെത്താന്‍ അനുമതി നല്‍കി. നേപ്പാള്‍ ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലുള്ള ഖത്തരി വിസയുള്ള ഇന്ത്യക്കാര്‍ക്കും ധാരണയനുസരിച്ച് തിരികെ വരാം.

ഖത്തര്‍ എയര്‍വേയ്‌സ്, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയ കമ്പനികളാണ് കരാറനുസരിച്ച് ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ജനുവരി 31നുള്ളില്‍ സാധാരണ സര്‍വീസുകള്‍ പുനസ്ഥാപിക്കുകയാണെങ്കില്‍ അതുവരെയായിരിക്കും കരാര്‍ കാലാവധി. അതേസമയം, ഇന്ത്യയില്‍ നിന്നും ഖത്തറിലേക്ക് തിരിച്ചെത്തുന്നവര്‍ക്ക് നിലവില്‍ റീ എന്‍ട്രി പെര്‍മിറ്റും ഹോട്ടല്‍ ക്വാറന്റൈനും ആവശ്യമാണ്.

Top