ന്യൂഡല്‍ഹി: നയതന്ത്ര ബന്ധം ഊട്ടിയുറപ്പിച്ചു കൊണ്ട് ഇന്ത്യയും ഖത്തറും പുതിയ നാല് കരാറുകളില്‍ ഒപ്പുവച്ചു. ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ക്ക് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെയാണ് ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തര്‍ പ്രധാനമന്ത്രിയും ചേര്‍ന്ന് നയിച്ച ഉഭയയക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിര്‍ണായകമായ കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടത്.
കരാര്‍ പ്രകാരം ബിസിനസ്ടൂറിസ്റ്റ് വിസാ നടപടികള്‍ ലഘൂകരിക്കും. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപരബന്ധം കൂടുതല്‍ ശക്തിപ്പെടും.
കൂടുതല്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഖത്തറിലെത്താനും ഖത്തര്‍ വ്യവസായികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്താനും പുതിയ കരാര്‍ വഴിവയ്ക്കും.
സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഇരുരാജ്യങ്ങളിലെ സുരക്ഷാ ഏജന്‍സികള്‍ തമ്മില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുവാനും പുതിയ കരാറില്‍ ധാരണയായിട്ടുണ്ട്.
ഇതോടെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ ഇരുരാജ്യങ്ങളും പങ്കുവയ്ക്കുകയും അന്വേഷണത്തില്‍ സഹകരിക്കുകയും ചെയ്യും.
ഇരുരാജ്യങ്ങളിലും നിക്ഷേപം നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ഉദാരമാക്കിയതോടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഖത്തറില്‍ നിന്ന് കൂടുതല്‍ നിക്ഷേപം എത്തുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
ബഹിരാകാശ ഗവേണഷരംഗത്ത് സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്.
ബഹിരാകാശ ഗവേഷണരംഗത്തെ മുന്‍നിര സ്ഥപാനമായ ഐഎസ്ആര്‍ഒയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഈ കരാറിലൂടെ ഖത്തറിന് സാധിക്കും.