ബിസിനെസില്‍ ഇന്ത്യക്കു ‘നൂറാം സ്ഥാനം’ ; വസ്തു രജിസ്‌ട്രേഷനില്‍ പിന്നില്‍

ന്യൂഡല്‍ഹി: ബിസിനസ് റാങ്കില്‍ ഇന്ത്യക്ക് നൂറാം സ്ഥാനം. എളുപ്പത്തില്‍ ബിസിനസ് നടത്താവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 130–ാം റാങ്കില്‍ നിന്നു നൂറാം റാങ്കിലേക്കു കടന്നിരിക്കുന്നു.

ലോക ബാങ്ക് റിപ്പോര്‍ട്ട് പ്രകാരമാണ് പുതിയ വിവരം.

ന്യൂനപക്ഷക്കാരായ നിക്ഷേപകരെ സംരക്ഷിക്കല്‍, വായ്പാ ലഭ്യത, വൈദ്യുതി ലഭ്യത എന്നീ കാര്യങ്ങളിലുണ്ടായ പുരോഗതിയോടെയാണ് ഇന്ത്യ റാങ്കിങ്ങില്‍ പുരോഗമനം നേടിയത്.

ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ റാങ്ക് നിശ്ചയിച്ചത്.

എന്നാല്‍ വസ്തു റജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ പിന്നിലാണ്.

അതിവേഗത്തില്‍ ബിസിനസ് ആരംഭിക്കുന്നതിനു സഹായകമായ തരത്തില്‍ പെര്‍മനന്റ് അക്കൗണ്ട് നമ്പരിനും (പാന്‍), ടാക്‌സ് അക്കൗണ്ട് നമ്പറിനുമുള്ള (ടാന്‍) അപേക്ഷകള്‍ ലയിപ്പിച്ച് ഓണ്‍ലൈന്‍ സംവിധാനമൊരുക്കിയതിനെ ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ പ്രശംസിച്ചു.

കൂടാതെ കെട്ടിട അനുമതി നടപടിക്രമങ്ങള്‍ ലഘൂകരിച്ചു, നികുതി അടയ്ക്കല്‍ സുഗമമാക്കി, അതിര്‍ത്തി കടന്നുള്ള വ്യാപാരം എളുപ്പമാക്കി.

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് വിഹിതം അടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതും കോര്‍പറേറ്റ് നികുതി നിയന്ത്രണങ്ങള്‍ക്കു യോജിച്ച ഭരണ നടപടികള്‍ സ്വീകരിച്ചതും റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്തു പറയുന്നു.

Top