ലിംഗസമത്വത്തില്‍ ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏറെ പിന്നില്‍. ജനീവ ആസ്ഥാനമായ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം 135ാമതാണ്. 146 രാജ്യങ്ങളാണ് ആകെ പട്ടികയിലുള്ളത്. ലിംഗവിവേചനം കുറഞ്ഞ രാജ്യം ഐസ്‌ലന്‍ഡാണ്. ഫിന്‍ലന്‍ഡ്, നോര്‍വേ, ന്യൂസീലന്‍ഡ്, സ്വീഡന്‍ എന്നിവയാണ് തൊട്ടുപിന്നില്‍. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, കോംഗോ, ഇറാന്‍, ചാഡ് എന്നിവയാണ് ഏറ്റവും പിന്നോക്ക രാജ്യങ്ങള്‍. അതേസമയം, പ്രാഥമിക വിദ്യാഭ്യാസ പ്രവേശനത്തില്‍ ആഗോളതലത്തില്‍ ഒന്നാമതാണ് ഇന്ത്യ.
തൊഴില്‍മേഖലയില്‍ ലിംഗവ്യത്യാസം വര്‍ധിച്ചത് ആഗോളതലത്തില്‍ സ്ത്രീകളെ കൂടുതല്‍ ബാധിക്കുന്നുണ്ടെന്നും ലിംഗവ്യത്യാസം നികത്താന്‍ ഇനിയും 132 വര്‍ഷമെടുക്കുമെന്നും ഡബ്ല്യു. ഇ.എഫ്. പറഞ്ഞു. കോവിഡ്, ലിംഗസമത്വത്തെ പിന്നോട്ടടിപ്പിച്ചു. ആരോഗ്യ, അതിജീവന ഉപസൂചികയില്‍ 146ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. തൊഴില്‍സേനയിലേക്കുള്ള സ്ത്രീകളുടെ തിരിച്ചുവരവിനും ഭാവിയിലെ വ്യവസായങ്ങളില്‍ സ്ത്രീകളുടെ കഴിവ് വികസിപ്പിക്കുന്നതിനുമുള്ള ലക്ഷ്യബോധമുള്ള നയങ്ങള്‍ കൊണ്ടുവരണമെന്ന് ഡബ്ല്യു.ഇ.എഫ്. മാനേജിങ് ഡയറക്ടര്‍ സാദിയ സാഹിദി പറഞ്ഞു.