india reaches rank 101 in fifa ranking

ന്യൂഡല്‍ഹി : ഫിഫ റാങ്കിങ്ങില്‍ ഇന്ത്യയ്ക്കു വന്‍ കുതിപ്പ്. ഒറ്റയടിക്കു 31 സ്ഥാനങ്ങള്‍ കയറിയ ഇന്ത്യ ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ 101-ാം സ്ഥാനത്തേക്കു കുതിച്ചെത്തി.

രണ്ടു ദശകത്തിനിടെ ഇന്ത്യയുടെ ഏറ്റവും മികച്ച സ്ഥാനമാണിത്. 1996 മേയിലും ഇന്ത്യ 101-ാം റാങ്കിലെത്തിയിരുന്നു. കഴിഞ്ഞ റാങ്കിങ്ങില്‍ ഇന്ത്യയ്ക്കു 132-ാം റാങ്കായിരുന്നു. സമീപകാല വിജയങ്ങളുടെ പശ്ചാത്തലത്തില്‍ ഏഷ്യയില്‍ 11-ാം റാങ്കിലാണ് ഇന്ത്യന്‍ ടീം. 1996 ഫെബ്രുവരിയില്‍ 94-ാം സ്ഥാനത്തെത്തിയതാണു ഫിഫ റാങ്കിങ്ങില്‍ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം. 93 നവംബറില്‍ 99-ാം സ്ഥാനത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കളിച്ച 13 രാജ്യാന്തര മത്സരങ്ങളില്‍ 11ലും ഇന്ത്യന്‍ ടീം വിജയിച്ചു. 31 ഗോളുകളും ടീം അടിച്ചു.

ഏഷ്യന്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ യോഗ്യതാ മത്സരത്തില്‍ മ്യാന്‍മറിനെ 1-0നു തോല്‍പിച്ചതാണ് ഏറ്റവുമൊടുവിലത്തെ നേട്ടം. 64 വര്‍ഷത്തിനുശേഷമാണു മ്യാന്‍മറിനെ ഇന്ത്യ തോല്‍പിക്കുന്നത്. അതിനു മുന്‍പ് സൗഹൃദമത്സരത്തില്‍ കംബോഡിയയെ 3-2നു തോല്‍പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പോര്‍ട്ടറീക്കോയെ 4-1നു തകര്‍ത്തതും റാങ്കിങ് മുന്നേറ്റത്തിനു സഹായിച്ചു.

പുതുതാരങ്ങളെ കൊണ്ടുവന്നതും കൂടുതല്‍ മത്സരങ്ങള്‍ക്ക് അവസരമൊരുക്കിയതുമാണു ടീമിനെ പുരോഗതിയിലേക്കു നയിച്ചതെന്ന് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു. ടീമിന്റെ സമ്പൂര്‍ണ പ്രയത്‌നത്തിന്റെ ഫലമാണിത്. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ പിന്തുണകൊണ്ടുമാത്രമാണു തനിക്കു ടീമിനെ നന്നായി ഒരുക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ ഏഴിനു ലബനനുമായി ഇന്ത്യ നാട്ടില്‍ സൗഹൃദമത്സരം കളിക്കുന്നുണ്ട്.

13ല്‍ 11 ജയം

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ അവസാനത്തെ 13 മല്‍സരങ്ങള്‍ (തീയതി, എതിരാളി, സ്‌കോര്‍ എന്ന ക്രമത്തില്‍)

12 നവംബര്‍ 2015 ഗുവാം 1-0

25 ഡിസംബര്‍ 2015 ശ്രീലങ്ക 2-0

27 ഡിസംബര്‍ 2015 നേപ്പാള്‍ 4-1

31 ഡിസംബര്‍ 2015 മാലദ്വീപ് 3-2

മൂന്ന് ജനുവരി 2016 അഫ്ഗാനിസ്ഥാന്‍ 2-1

24 മാര്‍ച്ച് 2016 ഇറാന്‍ 0-4 (തോല്‍വി)

29 മാര്‍ച്ച് 2016 തുര്‍ക്‌മെനിസ്ഥാന്‍ 1-2 (തോല്‍വി)

രണ്ട് ജൂണ്‍ 2016 ലാവോസ് 1-0

ഏഴ് ജൂണ്‍ 2016 ലാവോസ് 6-1

13 ഓഗസ്റ്റ് 2016 ഭൂട്ടാന്‍ 3-0

മൂന്ന് സെപ്റ്റംബര്‍ 2016 പോര്‍ട്ടോറിക്ക 4-1

22 മാര്‍ച്ച് 2017 കംബോഡിയ 3-2

28 മാര്‍ച്ച് 2017 മ്യാന്‍മര്‍ 1-0

Top