ധരംശാല: ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി ഇല്ലാതെ ഇന്ത്യന്‍ പട ഒന്നാം ഏകദിനം കളിക്കാന്‍ ശ്രീലങ്കയ്‌ക്കെതിരെ ഇറങ്ങുന്നു.
ക്യാപ്റ്റന്‍സിയില്‍ വിരാടിന് പകരക്കാരനായി രോഹിത് ശര്‍മ്മയാണ് എത്തുന്നത്.
എന്നാല്‍ ബാറ്റിങ് നിരയില്‍ കൊഹ്‌ലിക്ക് പകരക്കാരനാകാന്‍ ആര് എന്നതാണ് ഇന്ത്യയെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നം.
മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയില്‍ ഉള്ളത്. ഇതിന് ശേഷം മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയുമുണ്ട്.
മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ 10 ന് സ്വന്തമാക്കിയിരുന്നു.
ഒന്നാം ഏകദിനം ധരംശാലയില്‍ രാവിലെ 11.30ന് തുടങ്ങും.
ടെസ്റ്റ് പരമ്പരയ്ക്ക് ഇല്ലാതിരുന്ന ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് ടീമിന്റെ ശക്തി കൂട്ടുമെന്നത് സംശയമില്ല.
ലിമിറ്റഡ് ഓവര്‍ സ്‌പെഷലിസ്റ്റ് ബൗളറായ ജസ്പ്രീത് ഭുമ്രയും ഒന്നാം ഏകദിനത്തിന് ഇറങ്ങുന്നുണ്ട്.
അവസാന രണ്ട് ടെസ്റ്റുകളില്‍ ഇല്ലാതിരുന്ന ഭുവനേശ്വര്‍ കുമാര്‍ വിവാഹത്തിന് ശേഷം ആദ്യമായി ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നു എന്ന പ്രത്യേകതയും ഒന്നാം ഏകദിനത്തിനുണ്ട്.
അശ്വിന്‍, ജഡേജ സഖ്യത്തിന് പകരം ചാഹലും കുല്‍ദീപും പട്ടേലും ടീമിലുണ്ട്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ശിഖര്‍ ധവാനായിരിക്കും ഓപ്പണിങില്‍ ഉണ്ടാവുക.
വണ്‍ ഡൗണായി വിരാട് കൊഹ്‌ലിക്ക് പകരം ശ്രേയസ് അയ്യരാകും ബാറ്റ് ചെയ്യുക.
എന്തായാലും ഇന്ത്യയുടെ നെടുനായകത്വം വഹിക്കുന്ന കൊഹ്‌ലിയുടെ അഭാവം ടീമിനെ എത്തരത്തില്‍ ബാധിക്കുമെന്നത് കണ്ടുതന്നെ അറിയണം.