രാജ്യത്ത് 27,896 കോവിഡ് കേസുകള്‍; 24 മണിക്കൂറിനുള്ളില്‍ 48 മരണം, ആശങ്ക !

ന്യൂഡല്‍ഹി: രാജ്യത്ത് 1396 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 27,896 ആയി ഉയര്‍ന്നു. 20835 സജ്ജീവ കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 48 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 876 ആയി ഉയരുകയും ചെയ്തു. രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 6185 ആണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 8000 ല്‍ അധികം കോവിഡ് കേസുകളാണുളളത്.342 മരണങ്ങളും സംസ്ഥാനത്തുണ്ടായി.

മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഗുജറാത്തിലാണ്. 3000ല്‍ അധികം കേസുകളാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും രണ്ടായിരത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതിനിടയില്‍ കോവിഡ്- 19 വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ വീണ്ടും നീട്ടണമെന്ന് ആറ് സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളാണ് ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തിയത്.

ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഹരിയാണ, ഹിമാചല്‍പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ അടച്ചിടല്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമെന്തായാലും അതു നടപ്പാക്കുമെന്ന നിലപാടാണെടുത്തിരിക്കുന്നത്. തെലങ്കാന നേരത്തേ തന്നെ അടച്ചിടല്‍ മേയ് ഏഴുവരെ നീട്ടിയിരുന്നു. തീവ്രവ്യാപനമേഖലകളില്‍ മേയ് 18 വരെ അടച്ചിടല്‍ നീട്ടണമെന്നാണ് മഹാരാഷ്ട്രയുടെ നിലപാട്.

Top