രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം

മുംബൈ : വാങ്കഡെ സ്റ്റേഡിയത്തിൽ അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ല. അദ്ഭുതങ്ങൾക്കും ഇടമില്ല. പ്രതീക്ഷിച്ചതിലും നേരത്തേ ന്യൂസീലൻഡ് മധ്യനിരയും വാലറ്റവും ബാറ്റുവച്ചു കീഴടങ്ങിയതോടെ, രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 140 റൺസുമായി നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ന്യൂസീലൻഡിന്, ആദ്യ സെഷനിൽത്തന്നെ ശേഷിച്ച അഞ്ചു വിക്കറ്റുകളും നഷ്ടമായി. 540 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ന്യൂസീലൻഡ്, 56.3 ഓവറിൽ 167 റൺസിനാണ് ഓൾഔട്ടായത്. ഇന്ത്യൻ വിജയം 372 റൺസിന്. ഇതോടെ രണ്ടു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. കാൻപുരിൽ നടന്ന ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു.

സ്കോർ: ഇന്ത്യ 325 & 276/7 d, ന്യൂസീലൻഡ് – 62 & 167

അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 140 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ന്യൂസീലൻഡിന്റെ ഇന്നത്തെ പ്രകടനത്തെ ഇങ്ങനെ ചുരുക്കിയെഴുതാം: നാലാം ദിനം ന്യൂസീലൻഡ് ആകെ നേരിട്ടത് 69 പന്തുകൾ. നേടിയത് 27 റൺസ്. നഷ്ടമാക്കിയത് അഞ്ച് വിക്കറ്റും.

ന്യൂസീലൻഡിന് ഇന്നു നഷ്ടമായ അഞ്ചു വിക്കറ്റുകളിൽ നാലും ഇന്ത്യൻ ടെസ്റ്റ് ടീമിൽ അത്ര പരിചിത മുഖമല്ലാത്ത ജയന്ത് യാദവ് നേടി. രണ്ടാം ഇന്നിങ്സിലാകെ 14 ഓവർ ബോൾ ചെയ്ത ജയന്ത് യാദവ് 49 റൺസ് മാത്രം വഴങ്ങിയാണ് നാലു വിക്കറ്റ് വീഴ്ത്തിയത്. ശേഷിച്ച വിക്കറ്റ് രവിചന്ദ്രൻ അശ്വിനാണ്. രണ്ടാം ഇന്നിങ്സിൽ രവിചന്ദ്രൻ അശ്വിൻ 22.3 ഓവറിൽ 34 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. അക്ഷർ പട്ടേൽ ഒരു വിക്കറ്റും സ്വന്തമാക്കി.

മത്സരത്തിന്റെ മൂന്നാം ദിനം വിൽ യങ്ങിനെ പുറത്താക്കി അശ്വിൻ കലണ്ടർ വർഷത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ തികച്ചിരുന്നു. കരിയറിൽ 4–ാം വർഷമാണ് അശ്വിൻ ടെസ്റ്റിൽ 50 വിക്കറ്റ് നേടുന്നത്.

പരുക്കേറ്റ ക്യാപ്റ്റൻ കെയ്ന‍് വില്യംസന്റെ പകരക്കാരനായി ടീമിലെത്തിയ ഡാരിൽ മിച്ചലാണ് രണ്ടാം ഇന്നിങ്സിൽ ന്യൂസീലൻഡിന്റെ ടോപ് സ്കോറർ. 92 പന്തുകൾ നേരിട്ട മിച്ചൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം 60 റൺസെടുത്തു. ഒരറ്റത്തു പൊരുതിനിന്ന് ഏറ്റവും ഒടുവിൽ പുറത്തായ ഹെൻറി നിക്കോൾസാണ് അവസാന ദിനം ഇന്ത്യൻ വിജയം വൈകിച്ചത്. 111 പന്തുകൾ നേരിട്ട നിക്കോൾസ് എട്ടു ഫോറുകൾ സഹിതം 44 റണ്‍സെടുത്താണ് പുറത്തായത്.

Top