ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ തര്‍ക്ക പ്രദേശമായ ദോക് ലായില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന ചൈനയുടെ താക്കീത് തള്ളി ഇന്ത്യ.
സേനയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ ചൈനീസ് എംബസിയാണ് രംഗത്തെത്തിയത്.
അതേസമയം സൈന്യത്തെ പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ടുള്ള വൃത്തങ്ങള്‍ വ്യക്തമാക്കി.
ദോക് ലാ തങ്ങളുടേതാണെന്ന് കാണിക്കുന്ന മാപ്പ് സഹിതമായിരുന്നു ചൈനീസ് എംബസിയുടെ പ്രസ്താവന. ദോക് ലായില്‍ തങ്ങളുടെ റോഡ് നിര്‍മ്മാണം തടയാനായി ഇന്ത്യ ആദ്യം 270 സൈനികരെ നിയോഗിച്ചെന്നും പിന്നീട് അംഗബലം 400 ആയി ഉയര്‍ത്തിയെന്നും ചൈന പറയുന്നു. ചൈനയുടെ ഭൂമിയില്‍ അതിക്രമിച്ചു കയറി ഇന്ത്യന്‍ സൈന്യം തമ്പടിച്ചിരിക്കുകയാണ്. സേന പിന്മാറാതെ ഉഭയകക്ഷി ചര്‍ച്ച അസാദ്ധ്യമാണെന്നും ചൈനയുടെ ക്ഷമയെ ദൗര്‍ബല്യമായി കാണരുതെന്നും പതിനഞ്ച് പേജുള്ള പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കുന്നു.
മാത്രമല്ല പ്രദേശത്തിന്റെ മാപ്പിനൊപ്പം ദോക് ലാ ചൈനയുടേതാണെന്ന് ഉറപ്പിക്കാന്‍ 1890-ലെ കരാറിന്റെ പകര്‍പ്പും രണ്ട് ചിത്രങ്ങളും ചേര്‍ത്തിട്ടുണ്ട്.
അതിനിടെ, കഴിഞ്ഞയാഴ്ച ബീജിംഗില്‍ ഇന്ത്യയുടെ ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് കൗണ്‍സിലര്‍ യാങ് ജിചിയുമായുള്ള കൂടിക്കാഴ്ചയില്‍ ബ്രിക്‌സ് വിഷയത്തോടൊപ്പം അതിര്‍ത്തി പ്രശ്‌നവും ചര്‍ച്ച ചെയ്തതായി ചൈന ആദ്യമായി പ്രതികരിച്ചു.
ഡോവലിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് അതിര്‍ത്തി പ്രശ്‌നം ചര്‍ച്ച ചെയ്തതെന്നും ഗുണകരമായതൊന്നും ഉണ്ടായില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.