ട്രൂഡോയുടെ പ്രസ്താവന അടിസ്ഥാനരഹിതം; കാനഡയുടെ ആരോപണങ്ങള്‍ തള്ളി ഇന്ത്യ

ഡല്‍ഹി: സിഖ് നേതാവ് ഹര്‍ദീപ് സിംഗ് ഹിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കാനഡയുടെ ആരോപണങ്ങള്‍ തള്ളി ഇന്ത്യ. കാനഡയിലെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവന അടിസ്ഥാനരഹിതവും അസംബന്ധവുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ട്രൂഡോയെ അറിയിച്ചിരുന്നു. ഖലിസ്ഥാന്‍ ഭീകരര്‍ക്ക് കാനഡ താവളം ഒരുക്കുന്നുവെന്നും ഇന്ത്യ വിമര്‍ശിച്ചു.

കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്കുണ്ടെന്ന സംശയം ട്രൂഡോ കനേഡിയന്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. പിന്നാലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കുകയും ചെയ്തു. ഇന്ത്യന്‍ എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പവന്‍ കുമാര്‍ റായിയെയാണ് കാനഡ പുറത്താക്കിയത്. ഇക്കഴിഞ്ഞ ജൂണിലാണ് കാനഡയിലെ ഗുരുദ്വാരക്ക് മുന്നില്‍ വെച്ച് ഹര്‍ദീപ് സിംഗ് വെടിയേറ്റ് മരിച്ചത്.

കാനഡ പൗരനായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നില്‍ ഇന്ത്യന്‍ ഭരണകൂടം നിയോഗിച്ച ഏജന്റുമാരാണെന്നുള്ളതിന് കാനഡയുടെ സുരക്ഷാ വിഭാഗത്തിന് വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ട്രൂഡോയുടെ വാക്കുകള്‍. ഇന്ത്യയുടെ നടപടി കാനഡയുടെ പരമാധികാരത്തിന്‍മേലുള്ള കടന്നുകയറ്റമെന്ന നിലയില്‍ അസ്വീകാര്യമാണ്. അതുകൊണ്ടാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയ വിവരം പുറത്തുവിടുന്നത് എന്ന് മെലാനി ജോളിയും പറഞ്ഞതായി ആണ് അല്‍ ജസീറ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Top