ദോക് ലായിലെ സൈനികരുടെ എണ്ണം കുറച്ചിട്ടില്ല, ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ന്യൂഡല്‍ഹി: ദോക് ലായിലെ സൈനികരുടെ എണ്ണം കുറച്ചിട്ടില്ലെന്ന് ചൈനയുടെ വാദം തള്ളി ഇന്ത്യ.

350 മുതല്‍ 400 വരെ സൈനികര്‍ ഇപ്പോഴും ദോക് ലായിലുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കി. ദോക് ലായിലെ സൈനികരുടെ എണ്ണം ഇന്ത്യ കുറച്ചുവെന്ന ചൈനയുടെ അവകാശവാദം സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ ഇന്ത്യ തള്ളി.

സൈനിക വിന്യാസത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ദോക് ലായിലെ ഇന്ത്യന്‍ സൈനികരുടെ എണ്ണം 40 ആയി കുറച്ചുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം 15 പേജുള്ള പ്രസ്താവനയില്‍ വ്യക്തമാക്കിയെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനയുടെ സ്റ്റേറ്റ് കൗണ്‍സിലറുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണിതെന്നും ചൈന അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യം തെറ്റാണെന്നും 400 ഓളം സൈനികര്‍ ഇരുഭാഗത്തും നിലയുറപ്പിച്ചിട്ടുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.

അതേസമയം ദോക് ലാം വിഷയത്തില്‍ ഇന്ത്യന്‍ നിലപാട് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങളുടെയും സൈന്യത്തെ പിന്‍വലിച്ചശേഷം തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നാണ് സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നത്.

Top