കശ്മീരില്‍ ഇടനിലക്കാരാകാം; യുഎന്‍ ഓഫര്‍ സ്വീകരിക്കാം, പക്ഷെ ‘ഈ വിഷയത്തിലെന്ന്’ ഇന്ത്യ

ശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് പ്രഖ്യാപിച്ച യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസിനെ തള്ളി ഇന്ത്യ. എന്നാല്‍ ഇടനില ആവശ്യമായ ഒരു കാര്യം പാകിസ്ഥാന്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്നത് കശ്മീര്‍ അതിര്‍ത്തികളാണെന്നും, ഈ വിഷയമാണ് പരിശോധിക്കേണ്ടതെന്നും ഇന്ത്യ കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുമായുള്ള യോഗത്തിന് ശേഷമാണ് ഇസ്ലാമാബാദില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഗുട്ടേഴ്‌സ് മധ്യസ്ഥത വഹിക്കാമെന്ന് ഓഫര്‍ ചെയ്തത്. സൈനിക വിഷയങ്ങളിലും, പ്രസ്താവനകളിലും സംഘര്‍ഷം കുറയ്ക്കാന്‍ ഇന്ത്യയും പാകിസ്ഥാനും തയ്യാറാകണം. കൂടാതെ പരമാവധി സമാധാനം പാലിക്കാനും ശ്രമിക്കണമെന്നും ഗുട്ടേഴ്‌സ് ഉപദേശിച്ചു.

എന്നാല്‍ ഇന്ത്യയുടെ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പ്രഖ്യാപിച്ചു. ‘ജമ്മു കശ്മീര്‍ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരിക്കും. ആകെ പരിഗണിക്കേണ്ട വിഷയം പാകിസ്ഥാന്‍ അനധികൃതമായി, ബലംപ്രയോഗിച്ച് കൈക്കലാക്കി വെച്ചിരിക്കുന്ന അതിര്‍ത്തികള്‍ സംബന്ധിച്ചാണ്’, വക്താവ് ഓര്‍മ്മിപ്പിച്ചു. തുടര്‍ന്നുള്ള വിഷയങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും, മൂന്നാമതൊരു വ്യക്തിക്ക് ഇതില്‍ യാതൊരു സാധ്യതയുമില്ല, കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്ക് എതിരെ അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന് എതിരായ ശക്തമായ നടപടി സ്വീകരിക്കാന്‍ പാകിസ്ഥാനെ ഉപദേശിക്കാന്‍ ഇന്ത്യ ഗുട്ടെറെസിനോട് ആവശ്യപ്പെട്ടു. ജീവിക്കാനുള്ള അടിസ്ഥാന അവകാശങ്ങളെയാണ് ഇത് ഭീഷണിയില്‍ നിര്‍ത്തുന്നത്, ഇന്ത്യ പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതോടെയാണ് പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ തിരിഞ്ഞത്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തരംതാഴ്ത്തിയ പാകിസ്ഥാന്‍ ഇസ്ലാമാബാദിലെ ഇന്ത്യന്‍ പ്രതിനിധിയെ പുറത്താക്കുകയും ചെയ്തു.

Top