ഡൽഹി: രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകൾ ഉയരുന്നു. രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ വൻ വർധനയാണുണ്ടായത്. ഇന്നലെ 7240 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. എട്ടുപേർ കോവിഡ് ബാധിച്ച് മരിച്ചു.
കഴിഞ്ഞദിവസത്തേക്കാൾ 40 ശതമാനം വർധനവാണ് രോഗികളുടെ എണ്ണത്തിലുണ്ടായിട്ടുള്ളത്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 32,498 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കേരളം, മഹാരാഷ്ട്ര, ഡൽഹി, കർണാടക, ഹരിയാന സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം കുതിച്ചുയരുന്നത്. മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ 42 ശതമാനം വർധനവാണുണ്ടായത്.
ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഡൽഹിയിലും രോഗബാധ വ്യാപിക്കുകയാണ്. ഡൽഹിയിൽ ടിപിആർ 2.84 ശതമാനമായി ഉയർന്നു.