തൂത്തുക്കുടി: ഇന്ത്യയിലേക്ക് ഒളിച്ചുകടക്കുന്നതിനിടെ അറസ്റ്റിലായ മാലിദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ് അബ്ദുല്‍ ഗഫൂറിനെ തിരിച്ചയച്ചു. മതിയായ രേഖകളില്ലാത്തതിനെ തുടര്‍ന്നാണ് നടപടി.
രാജ്യത്തേക്ക് ഏതെങ്കിലും കൃത്യമായ കവാടത്തിലൂടെ പ്രവേശിച്ചിട്ടില്ല എന്നതിനാല്‍ അദ്ദേഹം ഇന്ത്യയില്‍ പ്രവേശിച്ചുവെന്ന് കരുതാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയവും നിലപാടെടുത്തു. തൂത്തുക്കുടി തീരത്ത് നങ്കൂരമിട്ടിരിരുന്ന കപ്പലില്‍ അദീബിനു പുറമേ ഒന്‍പതു ജീവനക്കാര്‍ ഉണ്ടായിരുന്നു.
രാഷ്ട്രീയ അഭയം തേടിയാണ് അദീബ് ഇന്ത്യയില്‍ എത്തിയതെന്ന് ലണ്ടനിലുള്ള അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചിരുന്നു. അദ്ദേഹത്തിന് അഭയം നല്‍കണമെന്നും ടോബി കാഡ്മാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യം തള്ളിയ ഇന്ത്യ അദീബിനെ തിരിച്ചയയ്ക്കുകയായിരുന്നു. മാലിദ്വീപില്‍ ചരക്കിറക്കിയശേഷം ഇന്ത്യയിലേക്കു വരികയായിരുന്ന കപ്പലില്‍ ജീവനക്കാരുടെ വേഷത്തില്‍ ഇദ്ദേഹം കടന്നുകൂടുകയായിരുന്നു. കപ്പല്‍ വ്യാഴാഴ്ചയായിരുന്നു ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിയത്.